തൊടുപുഴ: പ്രമേഹം ബാധിച്ച് കൈകാലുകളിലെ വിരൽ മുറിച്ചുമാറ്റേണ്ടിവന്ന നിർദ്ദനയുവാവ് സുമനസുകളുടെ സഹായം തേടുന്നു. ഉടുമ്പന്നൂർ സ്വദേശി ചാമക്കാട്ടുകുന്നേൽ സന്തോഷാണ് (45) ചികിത്സയ്ക്കും നിത്യജീവിതത്തിനും വഴിയില്ലാതെ ബുദ്ധിമുട്ടുന്നത്. ഒമ്പത് വർഷമായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അതിനിടെ പ്രമേഹംകൂടി മൂർച്ഛിച്ചതോടെ കൈകാലുകളിലെ മുഴുവൻ വിരലുകളും മുറിച്ചുമാറ്റി. തൊട്ടുപിന്നാലെ വൃക്കകളും തകരാറിലായി. കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തിയിരുന്ന സന്തോഷ് കിടപ്പിലായതോടെ വിദ്യാർത്ഥികളായ രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം നിത്യദുരിതത്തിന്റെ പടുകുഴിയിലേക്ക് പതിക്കുകയായിരുന്നു. സർക്കാരിൽ നിന്ന് സൗജന്യമായി കിട്ടിയ മൂന്ന് സെന്റ് സ്ഥലവും അതിലെ കൊച്ചുവീടും മാത്രമാണ് ഇവരുടെ സമ്പാദ്യം. പിന്നീട് അയൽപക്കങ്ങളിൽ ഭാര്യ വീട്ടുജോലി ചെയ്ത് സമ്പാദിക്കുന്ന തുച്ഛവരുമാനത്തിൽ നിന്നാണ് നിത്യവൃത്തി കഴിക്കുന്നത്. ഡിഗ്രിക്കും ഏഴാംക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകളും ഇതിനൊപ്പം വഹിക്കണം. അതിനിടെ സന്തോഷ് തീർത്തും കിടപ്പിലായതോടെ ഭാര്യയുടെ ജോലിയും മുടങ്ങി. ഉണ്ടായിരുന്ന ചെറിയ വരുമാനം കൂടി നിലച്ചതോടെ അക്ഷരാർത്ഥത്തിൽ പകച്ചുനിൽക്കുകയാണ് ഈ കുടുംബം. ഇനി സന്മസുള്ളവർ സഹായിച്ചാൽ മാത്രമേ നാല് പേരുടെ ജീവിതം മുന്നോട്ടുപോകൂ. ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിൽ സി.ജി. സന്തോഷ്, ചാമക്കാട്ടുകുന്നേൽ, ഉടുമ്പന്നൂർ എന്നപേരിൽ കേരള ഗ്രാമീൺ ബാങ്കിന്റെ ഉടുമ്പന്നൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ. 40356101030345 (IFSC: KLGB 0040356). സന്തോഷിന്റെ ഫോൺ നമ്പർ: 9072917652.