ഇടുക്കി: പി.എം.എ.വൈ ഫണ്ട് ഉപയോഗിച്ച് വീട് നിർമ്മിക്കുന്ന കാഞ്ചിയാർ സ്വദേശി കുഞ്ഞുമോൻ രാവിലെ പണിക്കെത്തിയ മേസ്തിരിമാരെ കണ്ട് ഞെട്ടി. മേസ്തിരിമാർ അഞ്ചും വനിതകൾ. ഉപ്പുതറ പഞ്ചായത്തിലെ വിവിധ കുടുംബശ്രീകളിലെ അംഗങ്ങളായ ഗിരിജാ മോഹനൻ, ഷാന്റി ബൈജു, ജാസ്മിൻ മാത്യം, ഷൈല മോഹനൻ, തങ്കമണി രൂപേഷ് എന്നിവരാണ് വീട് നിർമ്മാണത്തിനെത്തിയത്. മേസ്തിരിമാരെ കിട്ടാതെ വീട് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാതെ വന്നതോടെയാണ് വനിതകളെ ഈ രംഗത്തേക്കിറക്കാൻ കുടുംബശ്രീ തീരുമാനിച്ചത്. ഇതോടൊപ്പം വനിതകൾക്ക് നല്ലൊരു തൊഴിലും വരുമാനമാർഗവും ലഭിക്കും. പ്രധാന മേസ്തിരിയായ വെള്ളിലാംകണ്ടം സ്വദേശിയായ റെജിയാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ട്രെയിനർ ഫീസിനത്തിൽ 50,000 രൂപയോളം കുടുംബശ്രീ ഇദ്ദേഹത്തിന് നൽകും. ഈ തുക പണിക്കൂലി ഇനത്തിൽ വകയിരുത്തി ബാക്കി വരുന്ന കൂലി മാത്രം ഗുണഭോക്താവ് മേസ്തിരിക്ക് നൽകിയാൽ മതിയാകും. ഈ വീട് നിർമ്മാണത്തിനിടെ 40 ദിവസത്തെ പരിശീലനമാണ് കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്നത്.
സ്റ്റൈപ്പന്റും ഭക്ഷണവും
പരിശീലന കാലയളവിൽ ദിവസേന 200 രൂപ സ്റ്റൈപന്റും യാത്രാക്കൂലിയും, ഭക്ഷണ ഇനത്തിൽ 110 രൂപയും ഓരോ പരിശീലനാർത്ഥിക്കും നൽകും. 15 ദിവസത്തെ പരിശീലനത്തിന് ശേഷം ഓരോരുത്തർക്കും യൂണിഫോം, ഹെൽമറ്റ് എന്നിവ നൽകും. സർട്ടിഫിക്കറ്റ്, മുഴക്കോലും തൂക്കുകട്ടയും ഉൾപ്പെടെയുള്ള ടൂൾകിറ്റ് എന്നിവയും നൽകും. മേസ്തിരി ജോലിയിൽ പ്രാപ്തരാകുന്ന ഇവരെ കുടുംബശ്രീ കൺസ്ട്രക്ഷൻ യൂണിറ്റായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യും. 20- 30 പേർ അടങ്ങുന്ന ഒരു ബാച്ചിന് മേസ്തിരി പരിശീലനം പൂർത്തീകരിക്കാൻ മൂന്നു മുതൽ നാലു ലക്ഷം രൂപ വരെ കുടുംബശ്രീക്ക് ചെലവാകുന്നുണ്ട്.
ജില്ലയിൽ മേസ്തിരി പരിശീലനം നൽകുന്നവർ: 136
ബ്ലോക്കുകളിലായി പരിശീലനം പൂർത്തീകരിച്ചവർ: 47