തൊടുപുഴ: കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് എം.പിയും ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. രണ്ടേകാൽ വർഷമായി അധികാരത്തിലിരിക്കുന്ന എൽ.ഡി.എഫ് സർക്കാരിനു വേണ്ടി മുഖ്യമന്ത്രിയോ മന്ത്രിമാരോ പോലും കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെയോ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെയോ കണ്ടിട്ടില്ല. സംസ്ഥാന സർക്കാർ ഈ വിഷയം ഗൗരവമായി എടുത്തിട്ടുമില്ല. കേന്ദ്ര ഗവൺമെന്റുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ ഒന്നുപോലുമാക്കി ഇതിനെ മാറ്റാൻ എം.പിക്കും സംസ്ഥാന സർക്കാരിനും കഴിഞ്ഞിട്ടില്ല. ഒരു കരടുവിജ്ഞാപനം പുറപ്പെടുവിച്ചാൽ 545 ദിവസങ്ങൾക്കുള്ളിൽ അന്തിമവിജ്ഞാപനം ഇറക്കണമെന്നാണ് ചട്ടം. എങ്കിലും കഴിഞ്ഞ മൂന്നു തവണയായി കരട് വിജ്ഞാപനം പുതുക്കിയിറക്കാൻ മാത്രമാണ് ബി.ജെ.പി സർക്കാരിന് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.