അഞ്ചിരി: ആലക്കോട് പഞ്ചായത്ത് 10–ാം വാർഡിൽ അഞ്ചിരി കണ്ണിക്കാട്ട് കവലയ്ക്ക് സമീപം പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ സമരപ്രഖ്യാപനവുമായി നാട്ടുകാർ രംഗത്ത്. ഏതാനും വർഷം മുമ്പ് ഇവിടെ പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പഞ്ചായത്ത് അധികൃതർ പ്രമേയം പാസാക്കുകയും നാട്ടുകാർ സംഘടിതമായി രംഗത്ത് വരുകയും ചെയ്തതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ വീണ്ടും പാറമട, ക്രഷർ, ടാർമിക്സിങ് യൂണിറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള നീക്കമാണ് ആരംഭിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലയിൽ ഇത് ആരംഭിച്ചാൽ ജനങ്ങളുടെ ആരോഗ്യത്തിനു ഹാനികരമാകുമെന്നും ജലസ്രോതസുകൾ മലിനമാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. പാറമട ലോബിയുടെ നീക്കത്തിനെതിരെ സമരപരിപാടികൾ ആരംഭിക്കുന്നതിന് നാട്ടുകാർ യോഗം ചേർന്ന് പൗരസമിതി രൂപീകരിച്ചു. പഞ്ചായത്ത് അംഗം ടോമി കാവാലം, ബിനോയ് ജോൺ, സി.ഡി.ജോർജ്, ജോബിൻ ചെറിയാൻ, ജോൺസൺ തൊട്ടിയിൽ, ഷിബു ഒലിപ്പുരയിൽ, ഷാജി കൊടിയംകുന്നേൽ എന്നിവർ ഉൾപ്പെട്ട ആക്ഷൻ കൗൺസിലും രൂപീകരിച്ചു.