തൊടുപുഴ: അനുകൂല സുപ്രീംകോടതി വിധിയും ഭരണഘടനാ സംരക്ഷണവുമെല്ലാം ഉണ്ടെങ്കിലും ട്രാൻസ്ജെൻഡറുകളുടെ സാമൂഹ്യ ജീവിതത്തിന് കരുത്താകുന്നില്ലെന്ന് വിലയിരുത്തൽ. പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനൊപ്പം ട്രാൻസ്ജെൻഡേഴ്സിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ സർക്കാർ തലത്തിൽ നിരവധി പദ്ധതികാവിഷ്കരിച്ചിട്ടും ഗുണഭോക്താക്കളില്ലെന്നതാണ് ജില്ലയിലെ അവസ്ഥ. ഇടുക്കി ജില്ലയിൽ നൂറുകണക്കിന് ട്രാൻസ്ജെൻഡറുകൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ സാമൂഹ്യനീതി വകുപ്പ് ഒരു വർഷം പരിശ്രമിച്ചിട്ടും ഒമ്പത് പേർക്ക് മാത്രമാണ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാനായത്. അതുപോലെ സംസ്ഥാന സാക്ഷരത മിഷൻ നടപ്പിലാക്കുന്ന സമന്വയ തുടർവിദ്യാഭ്യാസ പരിപാടിയിൽ പത്താംതരം തുല്യത പരീക്ഷ എഴുതിയത് ഒരാൾ മാത്രമാണ്. തുല്യതാ പരീക്ഷയിൽ മൂന്ന് പേര് രജിസ്റ്റർ ചെയ്തിരുന്നു. മഴവില്ല് എന്ന പേരിൽ രൂപീകരിച്ച ട്രാൻസ്ജെൻഡേഴ്സ് സന്നദ്ധ സംഘടനയിൽ 32 പേർ അംഗത്വമെടുത്തെങ്കിലും തുടർപരിപാടികളിൽ നിന്ന് ഭൂരിഭാഗം പേരും വിട്ടുനിൽക്കുകയാണ്. പ്രതിസന്ധികളെ അതിജീവിച്ച് സ്വയം മുന്നോട്ടുവന്ന ഒമ്പത് പേർ ചേർന്ന് സ്വയം സഹായസംഘം രൂപീകരിച്ച് കുടുംബശ്രീ മിഷനിൽ അഫിലിയേറ്റ് ചെയ്തെങ്കിലും സംഘത്തിന്റെ പേരിൽ ജില്ലാ സഹകരണബാങ്കിൽ അക്കൗണ്ട് തുറക്കുന്നതിനുള്ള സാങ്കേതിക തടസം നീങ്ങിയിട്ടില്ല. സാധാരണ സ്വയംസഹായ സംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി ജില്ലയുടെ വിവിധഭാഗങ്ങളിൽ താമസിക്കുന്നവർ ചേർന്ന് പ്രവർത്തിക്കുന്ന സംഘം എന്ന നിലയിലുള്ള സാങ്കേതിക തടസങ്ങൾ വേറെയുമുണ്ട്. കോടതിവിധികളും ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങളും എത്രയൊക്കെ ശക്തമാണെങ്കിലും പൊതുസമൂഹത്തിന്റെ മനോഭാവം മാറാത്തതാണ് തങ്ങളുടെ ദുരവസ്ഥയ്ക്ക് ഒരു കാരണമെന്നാണ് മഴവില്ല് ഭാരവാഹികളുടെ വിലയിരുത്തൽ.

ബോധവത്കരണ സെമിനാർ

ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമൂഹത്തെ ബോധവത്കരിക്കുന്നതിനുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള സെമിനാറുകൾക്ക് തുടക്കം കുറിച്ചതായി ജില്ലാ സമൂഹ്യനീതി വകുപ്പ് അറിയിച്ചു. ജില്ലാതല ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ച് തൊടുപുഴ ഗവ. ബോയ്സ് ഹൈസ്കൂളിൽ ഇന്നലെ ആദ്യ സെമിനാർ നടന്നു. ഇന്ന് മുരിക്കാശേരി പാവനാത്മാ കോളേജിലാണ് പരിപാടി. ജില്ലയിലെ അഞ്ച് സ്കൂളുകളിലും അഞ്ച് കോളേജുകളിലുമായി 10 സെമിനാറുകളാണ് നടത്തുന്നത്. തൊടുപുഴയിൽ നടന്ന സെമിനാർ ഗവ. വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഷാജു തോമസ് ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡർ എഴുത്തുകാരി വിജയരാജ മല്ലിക ക്ലാസ് എടുത്തു.

'അടുത്തതലമുറയ്ക്ക് സമാധാനത്തോടെ ജീവിക്കാനാകും'- ജോൽസന രതീഷ്

വിദ്യാർത്ഥികൾക്കിടയിൽ ഇപ്പോൾ നടക്കുന്ന ബോധവത്കരണ പരിപാടികൾ തങ്ങളുടെ അടുത്ത തലമുറയ്ക്കെങ്കിലും സമാധാനത്തോടെ ജീവിക്കാൻ ഉപകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ട്രാൻസ്ജെൻഡറും ജില്ലയിൽ നിന്ന് പത്താംതരം തുല്യത പരീക്ഷയിൽ പങ്കെടുത്ത ഏകപഠിതാവുമായ ജോൽസന രതീഷ് പറഞ്ഞു. ചില സിനിമകൾ കണ്ടിട്ട് അതുപോലെയാണ് തങ്ങളുടെ ജീവിതമെന്നാണ് പലരും കരുതിയിരിക്കുന്നത്. ജില്ലയിൽ നൂറുകണക്കിന് ട്രാൻസ്ജെൻഡേഴ്സ് ഉണ്ടെങ്കിലും സ്വയം പുറത്തേക്ക് വരാനോ തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താനോ തയ്യാറാകാത്തത് സമൂഹത്തെ ഭയന്നിട്ടാണെന്നും ജോൽസന പറഞ്ഞു.