hh
പരിക്കേറ്റ ചന്ദന സംരക്ഷണ വാച്ചർ വീരകുമാർ

മറയൂർ: മറയൂർ ടൗണിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് വനംവകുപ്പിലെ ചന്ദന സംരക്ഷണ വാച്ചർക്ക് പരിക്ക്. കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറും തീർത്ഥമല ആദിവാസി കോളനിക്കാരനുമായ വീരകുമാറിനാണ് (27) ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് മറയൂർ കോവിൽക്കടവ് റോഡിൽ മാശിവയൽ ഭാഗത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്. സംരക്ഷണ ജോലിക്ക് പോകുന്നതിന് മുമ്പായി മറയൂർ ടൗണിൽ നിന്ന് പെട്രോൾ അടിച്ച ശേഷം കാന്തല്ലൂരിലേക്ക് പോകുംവഴിയാണ് റോഡിലെ വീതികുറഞ്ഞ ഭാഗത്ത് വച്ചായിരുന്നു അപകടം. ശർക്കര നിർമ്മാണത്തിനായി മറയൂരിലെത്തി ജോലിചെയ്യുന്ന തമിഴ്നാട് ജല്ലിപ്പെട്ടി സ്വദേശി കാർത്തിയുടെ ബൈക്കുമായാണ് ഇടിച്ചത്. കാർത്തിയുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ് റോഡിൽ വീണ ഇരുവരെയും ഓട്ടോറിക്ഷ ഡ്രൈവർമാരാണ് മറയൂരിലെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. വീരകുമാറിന്റെ കാലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു.