കട്ടപ്പന: യുവതികളെ ശബരിമലയിൽ കൊണ്ടുവന്ന് ആചാരലംഘനം നടത്തി നവോത്ഥാന നായകൻ എന്ന ഖാദി പിടിച്ചുപറ്റാനാണ് ശബരിമല വിഷയത്തിൽ പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഡി.വൈ.എസ്.പി ഓഫീസ് മാർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ നാമജപ പരിപാടികളൾക്കാണ് സുരേന്ദ്രൻ നേതൃത്വം നൽകിയിട്ടുള്ളത്. എന്നാൽ കൊടും ക്രിമിനലുകളെ ജയിലിൽ അടയ്ക്കുന്നതു പോലെ കെ. സുരേന്ദ്രനെ കേരള പൊലീസ് വേട്ടയാടുകയാണ്. ഇത് തുടർന്നാൽ ശബരിമല പ്രക്ഷോഭം ദേശവ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന ഇടുക്കി കവലയിൽ നിന്നും ആരംഭിച്ച മാർച്ച് സന്തോഷ് തീയേറ്ററിന് സമീപം പൊലീസ് തടഞ്ഞു. ബി.ജെ.പി ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സമിതി അംഗങ്ങളായ പി.എ. വേലുകുട്ടൻ, ശ്രീ നഗരി രാജൻ, ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.