കട്ടപ്പന: വിവാഹം കഴിഞ്ഞ് വരന്റെ കൈ പിടിച്ച് വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞ വധു ആദ്യമൊന്ന് അമ്പരന്നു. തലയ്ക്ക് മീതെ പച്ചപരവതാനി വിരിച്ചപോലൊരു 'പച്ചക്കറി പന്തൽ". തൂങ്ങിയാടുന്ന പയറും പാവയ്ക്കയും തലയിലും മുഖത്തും ഉരസി നവദമ്പതികളെ വീട്ടിലേക്ക് ആനയിക്കുന്നു. ഇരുവരും പച്ചക്കറി പന്തലിലൂടെ നടന്ന് വലതുകാൽ വച്ച് വീട്ടിലേക്ക് കയറി. കട്ടപ്പന പാറക്കടവ് സ്വദേശി പാലാത്തറ ആഗസ്തിയെന്ന കർഷകനാണ് മകന്റെ കല്യാണത്തിന് ഈ പച്ചക്കറി പന്തലിട്ടത്. ആഗസ്തിയുടെ മകൻ ജിജോയുടെ വിവാഹം മൂന്നു മാസം മുമ്പാണ് നിശ്ചയിച്ചത്. വിവാഹത്തിന് ഇത്രയും കാലതാമസമുണ്ടെന്ന് അറിഞ്ഞതോടെ ഈ മലയോര കർഷകന്റെ മനസിൽ ഉദിച്ച ആശയമാണ് പച്ചക്കറികൊണ്ടൊരു പന്തൽ. പിന്നെ ഒന്നും ആലോചിച്ചില്ല. പ്രധാന വഴിയിൽ നിന്ന് വീട്ടുമുറ്റത്തേക്ക് നൂറടിയോളം ദൂരമുണ്ട്. ഈ വഴിയുടെ ഇരുവശവുമുണ്ടായിരുന്ന കല്ലുകൾ നീക്കി വിത്തിട്ടു. പ്രളയകാലത്തായിരുന്നു കൃഷിയിറക്കിയത്. പക്ഷേ, മഹാപ്രളയത്തിനും ആഗസ്തിയുടെ കർഷക മനസിനെ ഇളക്കാനായില്ല. രണ്ട് മാസം കഴിഞ്ഞതോടെ വഴിയുടെ ഇരുവശങ്ങളിലും മുകളിലും മുറ്റം വരെയും പയറും പാവലുമൊക്കെ വിളഞ്ഞു. ഒപ്പം പ്രകൃതി തീർത്ത മനോഹരമായ ഒരു പന്തലും.