രാജാക്കാട്: ഇടുക്കിയുടെ വീറും വാശിയും ഇടിക്കളത്തിൽ സ്വർണമാക്കി അഞ്ജു സാബു. സേനാപതി മാങ്ങാത്തൊട്ടി മങ്കുത്തേൽ സാബു- മിനി ദമ്പതികളുടെ രണ്ടാമത്തെ മകളും തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് എം.കോം ഒന്നാം വർഷ വിദ്യാർത്ഥിനിയുമായ അഞ്ജു സാബുവാണ് ഇത്തവണത്തെ സംസ്ഥാന സീനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം ഉൾപ്പെടെ നിരവധി മെഡലുകൾ വാരിക്കൂട്ടിയത്. എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിൽ അത്‌ലറ്റിക്സിലായിരുന്നു തുടക്കം. പിന്നീട് ബോക്സിംഗിലേയ്ക്ക് തിരിയുകയായിരുന്നു. സ്‌കൂൾ തലം മുതൽ നിരവധി മെഡലുകൾ ഇടിച്ച് നേടി. പ്ലസ്ടുവിനു ശേഷം കേരള സ്‌പോർട്സ് കൗൺസിലിന്റെ കാര്യവട്ടം ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചു. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ ബിരുദ പഠനത്തിനു ചേർന്നതിനൊപ്പം ബോക്സിംഗിൽ പരിശീലനം തുടർന്നു. ദ്രോണാചാര്യ ചന്ദ്രലാലായിരുന്നു ബിരുദ കാലയളവിൽ കോച്ച്. ഈ വർഷം നടന്ന യൂണിവേഴ്സിറ്റി തല ബോക്സിംഗ് മൽസരങ്ങളിൽ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയതിനൊപ്പം ബെസ്റ്റ് ബോക്സർ, വുമൺ ചാമ്പ്യൻ, ഓവറോൾ ചാമ്പ്യൻ എന്നീ സ്ഥാനങ്ങളും കരസ്ഥമാക്കിയതിനൊപ്പം ഡിസംബർ മുപ്പതിന് രാജസ്ഥാനിൽ നടക്കുന്ന ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലേയ്ക്ക് യോഗ്യത നേടുകയും ചെയ്തു. ഇതിൽ പങ്കെടുത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാനുള്ള തീവ്ര പരിശീലനത്തിലാണ് ഇപ്പോൾ. കേരള സ്‌പോർട്സ് കൗൺസിൽ കോച്ച് മനോജ് ആണ് നിലവിലെ പരിശീലകൻ. ബോക്സിംഗിനൊപ്പം അത്‌ലറ്റിക്സിനെയും സ്‌നേഹിയ്ക്കുന്ന ഈ കായികതാരം യൂണിവേഴ്സിറ്റി തല മത്സരങ്ങളിൽ ഹൈജമ്പിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മാതാപിതാക്കൾക്ക് പുറമെ സഹോദരൻ അജുവും അദ്ധ്യാപകരും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. സംസ്ഥാന 'സർക്കാരിന്റെ ഓപ്പറേഷൻ ഒളിമ്പ്യാഡ്' പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 12 കായിക പ്രതിഭകളിൽ ഒരാളായ അഞ്ജു കേരളത്തിന്റെ ഒളിമ്പിക്ക് നേട്ടങ്ങളിലെ പ്രതീക്ഷ കൂടിയാണ്.