നെടുങ്കണ്ടം: കഴിഞ്ഞ ദിവസം രാവിലെ 9.10ന് ആനകല്ലിൽ നിന്ന് നെടുങ്കണ്ടത്തേയ്ക്ക് പുറപ്പെടുകയായിരുന്നു നാട്ടുകാരുടെ സ്വന്തം ബസായ ജനമൈത്രി. പെട്ടന്നാണ് ഒരു യാത്രക്കാരിയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന് സഹയാത്രിക അറിയിച്ചത്. ഇതോടെ നെഞ്ചിന് വേദന അനുഭവപ്പെട്ട സ്ത്രീയെ എത്രയും വേഗം ആശുപത്രിയിൽ എത്തിയ്ക്കുന്നതിനുള്ള ഒരുക്കത്തിലായി ജീവനക്കാർ. പിന്നീട് മറ്റ് സ്റ്റോപ്പുകളിൽ ഒന്നും നിറുത്താതെ ഉടൻ തന്ന ബസ് നെടുങ്കണ്ടത്തേയ്ക്ക് കുതിച്ചു. വഴിയിൽ നിരവധി യാത്രക്കാരുണ്ടായിരുന്നെങ്കിലും ഡ്രൈവർ രഞ്ജിത്തും കണ്ടക്ടർ ജയിംസും അതൊന്നും ശ്രദ്ധിച്ചതേയില്ല. നെടുങ്കണ്ടം കിഴക്കേക്കവലയിൽ നിന്ന് താലൂക്ക് ആശുപത്രിയിലേയ്ക്ക് ബസ് കൊണ്ടു പോകുന്നതിന് ബുദ്ധിമുട്ടായതിനാൽ വാഹനം അവിടെ നിറുത്തി ആട്ടോറിക്ഷ പിടിച്ച് നാട്ടുകാരുടെ സഹായത്താൽ രോഗിയായ യാത്രക്കാരിയെ ആശുപത്രിയിലേയ്ക്ക് അയച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിലേയ്ക്ക് പോകുന്നതിനായാണ് ആനകല്ല് സ്വദേശിനിയായ മംഗലത്ത് പൊന്നമ്മയും ഭർത്താവും രാവിലെ ജനമൈത്രി ബസിൽ കയറിയത്. നിലവിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് പൊന്നമ്മ. ശരീര ബുദ്ധിമുട്ടുകൾ കുറവുണ്ട്.
നാട്ടുകാരുടെ കൂട്ടായ്മയിൽ ജനമൈത്രി
നെടുങ്കണ്ടം പഞ്ചായത്തിലെ കിഴക്കൻ മേഖലകളായ കോമ്പയാർ, ആനകല്ല്, പാലാർ, തേവാരംമെട്ട്, പട്ടത്തിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ആയിരകണക്കിന് ആളുകൾക്ക് ഏക ആശ്രയം ജനമൈത്രി ബസ് മാത്രമാണ്. കോമ്പയാർ കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന ജനമൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് ബസിന്റെ നടത്തിപ്പ്. ആനകല്ല് നെടുങ്കണ്ടം റൂട്ടിൽ മാത്രമാണ് സർവീസ് നടത്തുന്നത്. രാവിലെ 9.10 ന്റെ സർവീസിനെ നൂറുകണക്കിന് ആളുകളാണ് ആശ്രയിക്കുന്നത്. നെടുങ്കണ്ടത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തേണ്ട വിദ്യാർത്ഥികളടക്കമുള്ളവർ ആശ്രയിക്കുന്നത് ഈ സർവീസിനെയാണ്. നിരവധി യാത്രികർ വഴിയിൽ കാത്ത് നിൽപ്പുണ്ടാകുമെന്ന് ഉറപ്പായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ മറ്റൊരു വാഹനത്തിനായി കാത്ത് നിൽക്കുക പോലും ചെയ്യാതെ, ഒരുനിമിഷം പോലും പാഴാക്കാതെ നെടുങ്കണ്ടം വരെ ബസ് പറക്കുകയായിരുന്നു
ഇന്നലത്തെ ഓട്ടം അമലിനായി
ബസ് സർവീസിന് പുറമെ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക ഉന്നമനത്തിനായി പ്രവർത്തിയ്ക്കുന്ന സംഘടനയാണ് ജനമൈത്രി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ട്രസ്റ്റ് ചെയ്യുന്നുണ്ട്. കോമ്പയാർ സ്വദേശിയായ അമൽ ചാക്കോയുടെ ചികിത്സാ സഹായ നിധിയിലേയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിനാണ് ഇന്നലെ ജനമൈത്രി സർവീസ് നടത്തിയത്. രക്താർബുദത്തെ തുടർന്ന് ചികിത്സയിലാണ് അമൽ. ഒരു ദിവസത്തെ വരുമാനം അമലിന്റെ ചികിത്സാ ചെലവിലേയ്ക്ക് മാറ്റി വച്ചിരിക്കുകയാണ് ജനമൈത്രി. നാട്ടുകാരുടെ സ്വന്തം ബസിന് എല്ലാവിധ സഹകരണവുമായി യാത്രക്കാരും ഉദ്യമത്തിൽ പങ്കാളികളായി.