ഇടുക്കി: ഇൻഡഷൻ കുക്കർ മിക്ക വീടുകളിലുമുണ്ട്. എഡ്ഡി കറണ്ട് കാരണമാണ് ഇൻഡക്ഷൻ കുക്കർ പ്രവർത്തിക്കുന്നത്. ഈ എഡ്ഡി കറണ്ടിന്റെ ഉത്പാദനവും അളവും രേഖപ്പെടുത്താനുള്ള ഉപകരണങ്ങളൊന്നും ഇതുവരെ നിർമ്മിച്ചിട്ടില്ല. ഇത് കണ്ടെത്തിയാൽ ഇൻഡക്ഷൻ കുക്കറിന്റെ വൈദ്യുതി ഉപയോഗവും പാഴാകുന്ന വൈദ്യുതിയുടെ അളവും അറിയാനാകും. എന്നാൽ ഐസക് ന്യൂട്ടന്റെ രണ്ടാം ചലന നിയമത്തെ ആധാരമാക്കി ബലവും ത്വരണവും കണക്കാക്കി എഡ്ഡി കറണ്ടിന്റെ അളവ് ഇടുക്കിയിലെ രണ്ട് കൊച്ചുമിടുക്കികൾ കണ്ടെത്തി. മേരികുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിനികളായ കൃഷ്‌ണേന്ദു മണിലാലും നിമിഷ നോബിളുമാണ് സംസ്ഥാന ശാസ്ത്രമേളയിൽ ഇംപ്രവൈസ്ഡ് എക്സ്പീരിയൻസ് വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയത്. ഇതേ സ്‌കൂളിലെ തന്നെ ഒന്നാം വർഷ സയൻസ് വിദ്യാർത്ഥിനികളായ ആൽബി ബെന്നി, അലീനാ കുര്യാക്കോസ് എന്നിവർ ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. ലേസർ രശ്മികളുടെ തീവ്രത കൂട്ടി പ്രകാശചവണയായി ഉപയോഗിച്ച് ശരീരത്തിലെ കോശങ്ങളെയും സൂക്ഷ്മാണുക്കളെയും കണ്ടെത്താൻ സാധിക്കുന്ന സ്റ്റിൽ മോഡലാണ് ഇവർ അവതരിപ്പിച്ചത്. കണ്ണൂരിലും പരിസരത്തുമുള്ള അഞ്ച് സ്‌കൂളുകളിലാണ് സംസ്ഥാന സ്‌കൂൾ ശാസ്ത്ര പ്രവൃത്തി പരിചയമേള നടന്നത്. കണ്ണൂർ സെന്റ് ട്രീസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ ഇംപ്രാവൈസ്ഡ് എക്സ്പീരിയൻസ്, സ്റ്റിൽ മോഡൽ വിഭാഗങ്ങളിൽ പങ്കെടുക്കാനെത്തിയ 14 ജില്ലകളിൽ നിന്നുള്ള 28 ടീമുകളോട് മത്സരിച്ചാണ് ഈ വിദ്യാർത്ഥിനികൾ എ ഗ്രേഡ് കരസ്ഥമാക്കിയത്.