തൊടുപുഴ: തൊടുപുഴ- വെള്ളിയാമറ്റം റോഡിന്റെ പുനഃനിർമാണം കണ്ടാൽ ഒച്ചിന് പോലും നാണം തോന്നും. ടാറും മിറ്റലും ഇളകി രണ്ട് വർഷക്കാലമായി തകർന്ന് ഗതാഗതം താറുമാറായ റോഡിന്റെ പുൻഃനിർമാണ പ്രവർത്തികളാണ് ഒച്ചിഴയുന്ന വേഗത്തിൽ ഇഴഞ്ഞ് നീങ്ങുന്നത്. മങ്ങാട്ടുകവല മുതൽ ആലക്കോട് വരെയുള്ള ആറ് കിലോമീറ്റർ റോഡാണ് ആധുനിക രീതിയിൽ ടാറിംഗ് നടത്തുന്നത്. റോഡ് നിർമാണത്തിന്റെ ഭാഗമായിട്ടുള്ള നാല് കലുങ്കുകളുടെ നിർമാണം പൂർത്തീകരിച്ചിട്ട് ഏറെ നാളുകളായി. മങ്ങാട്ടുകവല മുതൽ വെള്ളിയാമറ്റം വരെ ഈ റോഡിന് അഞ്ച് മുതൽ ആറ് മീറ്റർ വരെ വീതിയാണുള്ളത്. പുനഃനിർമ്മാണത്തിന്റെ ഭാഗമായി ആധുനിക രീതിയിലുള്ള ടാറിംഗ് നടത്തുമ്പോൾ പരമാവധി വീതിയിൽ ടാറിംഗ് നടത്താനാണ് എസ്റ്റിമേറ്റ് എടുത്തിരിക്കുന്നത്. ഇപ്പോൾ റോഡിൽ ചിലയിടങ്ങളിൽ ടൈൽ പാകുന്നുണ്ട്. ആവശ്യത്തിന് മെറ്റലും മണലും കിട്ടാത്തതതാണ് നിർമ്മാണം ഇഴയാൻ കാരണമെന്ന് പറയുന്നു. ഇതിന് പരിഹാരം ഉണ്ടാക്കാൻ ബന്ധപ്പെട്ട അധികാരികൾ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

റോഡ് തകർന്നിട്ട് മൂന്ന് വർഷം

കാരിക്കോട് മുതൽ ആലക്കോട് വരെയുള്ള ഭാഗം പൂർണമായും തകർന്നിട്ട് മൂന്ന് വർഷത്തിലേറെക്കാലമായി. നിരവധി ബസുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള സ്കൂൾ ബസുകളും ഉൾപ്പെടെ ചെറുതും വലുതുമായ ആയിരകണക്കിന് വാഹനങ്ങളാണ് ഇത് വഴി ദിവസവും സർവീസ് നടത്തുന്നത്. കഴിഞ്ഞ വർഷം മഴക്കാലത്ത് റോഡിൽ വലിയ കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാരടക്കം അപകടത്തിൽപെടുന്നത് പതിവായിരുന്നു. ഇതിന്റെ പേരിൽ ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സംഘടനകളും വ്യക്തികളും തമ്മിൽ നവമാധ്യമങ്ങളിലൂടെ വാക്ക്പോരും ഇതിന്റെ പേരിൽ ഭീഷണിയും മറ്റും നടന്നിരുന്നു. റോഡ്‌ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി സമരങ്ങളും അരങ്ങേറിയിരുന്നു.

ടാർ ചെയ്തത് വീണ്ടും തകർത്തു

മങ്ങാട്ടുകവല, കുംഭംകല്ല്, കാരിക്കോട്, ഇടവെട്ടി ജാരം എന്നിവിടങ്ങളിലെല്ലാം റോഡിൽ വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ടാറിംഗ് ആരംഭിച്ചിരുന്നെങ്കിലും മഴയെ തുടർന്ന് നിറുത്തി വെച്ചു. ശക്തമായ മഴയെ തുടർന്ന് ടാറിംഗ് ചെയ്ത ഭാഗങ്ങളും പൂർണമായി തകരുകയായിരുന്നു.