ചെറുതോണി: ഒരു നിയന്ത്രണവുമില്ലാതെ ഓട്ടോറിക്ഷകളും ബൈക്കുകളുമടക്കമുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം വാഴത്തോപ്പ് പഞ്ചായത്തിലെ കരിമ്പൻ സ്റ്റാൻഡിൽ ബസുകൾ നിറുത്തി യാത്രക്കാരെ കയറ്റാനാകുന്നില്ല. ഇതുകാരണം ബസുകൾ റോഡിൽ നിറുത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. മറ്റുവാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടെങ്കിലും ഇത് ആരും പാലിക്കാറില്ല. മുമ്പ് ഇടുക്കി സ്റ്റേഷനിൽ നിന്ന് ഇവിടെ ഒരു പോലീസിനെ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നു. ഇതു പിൻവലിച്ചതോടെ സാമൂഹികവിരുദ്ധരും ഇവിടെ ഇടംപിടിച്ചിരിക്കുകയാണ്. വൈകുന്നേരമായാൽ പെൺകുട്ടികൾക്കു സ്റ്റാൻഡിൽ ഇരിക്കാൻ കഴിയാത്ത വിധം പൂവാലശല്യമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ബസ് സ്റ്റാൻഡിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഇരിപ്പിടമുണ്ട്. എന്നാൽ സ്ത്രീകളുടെ സ്ഥലവും പുരുഷന്മാർ കൈയടിക്കിയിരിക്കുകയാണ്. ഇതുകാരണം പലപ്പോഴും സ്ത്രീകൾ പുറത്തിറങ്ങി നിൽക്കുകയാണ്. ബസ് സ്റ്റാൻഡിൽ വച്ചിരിക്കുന്ന കാമറ കേടായിട്ട് മാസങ്ങളായി.