മുട്ടം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രതീക്ഷകളുണർത്തി മലങ്കര ടൂറിസം പദ്ധതിക്ക് ചിറക് മുളയ്ക്കുന്നു. പദ്ധതിയുടെ ഒന്നാംഘട്ടമായി കുട്ടികളുടെ പാർക്ക് ഉടൻ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചതോടെയാണ് വീണ്ടും മലങ്കര ടൂറിസം പദ്ധതിക്ക് സാധ്യതയേറിയത്. പി.ജെ. ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം മലങ്കരയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മൂന്നു വയസു മുതൽ ആറു വയസു വരെയുള്ള കുട്ടികൾക്കുള്ള പാർക്കിന്റെ ഉദ്ഘാടനം ജനുവരി 15ന് നടക്കും. ഇതനുസരിച്ച് നിർമ്മാണം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. മലങ്കര ജലാശയം എല്ലാ സമയവും കാണാൻ അനുമതി കൂടി നൽകിയാൽ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മലങ്കര മാറും. ജില്ലാ കളക്ടർ ജീവൻ ബാബു, ഹാബിറ്റാറ്റ് ജില്ലാ കോ-ഓഡിനേറ്റർ വിനോദ്, പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, എം.വി.ഐ.പി അസി. എക്‌സിക്യൂട്ടീവ് എൻജിയർ സിനോഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഒന്നാം ഘട്ടത്തിൽ എന്തൊക്കെ

ഒന്നാം ഘട്ടം പദ്ധതിയിൽ കുട്ടികളുടെ പാർക്ക്, ഫുഡ് കോർട്ട്, സ്റ്റാളുകൾ, ബഞ്ചുകൾ എന്നിവയാണ് സ്ഥാപിക്കുന്നത്. ആധുനിക രീതിയിലുള്ള 350 പുഷ്ബാക്ക് സീറ്റുള്ള മിനി ഓഡിറ്റോറിയം നിർമ്മിക്കാനും അനുമതിയായി.

ദുബായ് മോഡൽ അക്വേറിയവും

മലങ്കരയിൽ അന്താരാഷ്ട്ര നിലവാരമുള്ള ദുബായ് മോഡൽ അക്വേറിയം നിർമ്മിക്കാനും അനുമതി ലഭിച്ചിട്ടുണ്ട്. നാല് അടി നീളം വരെയുള്ള മത്സ്യങ്ങളെ ഇതിൽ വളർത്താൻ സാധിക്കും. 80 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഫണ്ട് അനുവദിച്ചാൽ രണ്ടുമാസത്തിനുള്ളിൽ അക്വേറിയം പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഹാബിറ്റാറ്റ് അധികൃതർ പറഞ്ഞു.

രണ്ടാംഘട്ടത്തിൽ കുട്ടവഞ്ചിയും റോപ്‌വേയും

കുട്ടവഞ്ചി, മിനി റോപ്പ്‌വേ, സോർബ്‌ബോൾ, റേഡിയോ സ്റ്റേഷൻ, പ്രഭാത- സായാഹ്ന സവാരിക്കുള്ള നടപ്പാത, കൈവരിയ്‌ക്കൊപ്പം ജൈവവേലി, മലങ്കര ഡാം സന്ദർശനാനുമതി, സൈക്കിളിംഗ്, വിവിധ വർണങ്ങളിൽ ജലധാര, മുളങ്കാടുകൾ, ആകാശകാഴ്ച കാണുന്നതിനുള്ള ദൂരദർശിനി തുടങ്ങിയ സംവിധാനങ്ങൾ രണ്ടാം ഘട്ടത്തിൽ സജ്ജമാക്കും.


13 കുടുംബങ്ങളുടെ പുനരധിവാസം

മലങ്കര ടൂറിസം സ്‌പോട്ടിൽ താമസിക്കുന്ന 13 കുടുംബങ്ങളുടെ പുനരധിവാസമെന്ന കാലങ്ങളായുള്ള ആവശ്യവും യാഥാർത്ഥ്യമാകും. മലങ്കരയിൽ ഇവർക്ക് അനുവദിച്ച സ്ഥലത്ത് എം.എൽ.എയുടെയും കളക്ടറുടെയും നേതൃത്വത്തിൽ സന്ദർശനം നടത്തി.