ഇളംദേശം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷക കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇളംദേശം ടെലിഫോൺ എക്സ്ചേഞ്ച് മുന്നിൽ സായാഹന ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം റോയി. കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. അനാവശ്യ വാഗ്ദാനം നൽകി സംസ്ഥാന സർക്കാരും ആവശ്യ സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചു കേന്ദ്രസർക്കാരും കർഷകരെ ദ്രോഹിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാണ്യ വിളകൾക്ക് തറവില നിശ്ചയിക്കുക, കർഷകരുടെ വായ്പ എഴുതി തള്ളുക, പ്രകൃതി ദുരന്തത്തിൽ പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, കൈവശ ഭൂമിയ്ക്ക് പട്ടയം നൽകുക, വെള്ളിയാമറ്റം വില്ലേജിലെ ഭൂമിയുടെ താരിഫ് വില കുറയ്ക്കുക, ജപ്തി നടപടികൾ നിറുത്തി വയ്ക്കുക, പഞ്ചായത്തിന്റെ അഴിമതി അവസാനിപ്പിക്കുക, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. ധർണയിൽ കർഷക കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് കുറുന്തോട്ടിക്കൽ അദ്ധ്യക്ഷനായിരുന്നു. കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. കരിമണ്ണൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എ.എം. ദേവസ്യ അടപ്പൂർ, ടോമി പാലയ്ക്കൽ, അജിത് മുത്തനാട്ട്, ബിജോയ്‌ ജോൺ, ലളിതമ്മ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ധർണയ്ക്ക് മുന്നോടിയായി നടത്തിയ പ്രകടനത്തിൽ നിരവധി കർഷക കോൺഗ്രസ്‌ പ്രവർത്തകർ പങ്കെടുത്തു.