കുടയത്തൂർ: കുടയത്തൂർ പഞ്ചായത്തിലെ കൈപ്പ വാർഡിൽ ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ 588 പേർ വോട്ട് ചെയ്തു. ആകെ വോട്ടിന്റെ 81% പോളിംഗാണ് നടന്നത്. വാർഡിൽ പുതിയ വോട്ടർ പട്ടിക പ്രകാരം 725 വോട്ടർമ്മാരാണുള്ളത്. സി.പി.എം അംഗമായിരുന്ന ടി.സി. ഗോപാലകൃഷ്ണൻ മരിച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫിലെ എം.കെ. സോമൻ, എൽ.ഡി.എഫിലെ സി.പി. രാജൻ പുന്നപ്പാറ, ജനകീയ ജനാധിപത്യ മുന്നണിയുടെ പി.കെ. ശശി എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. വാശിയേറിയ മത്സരത്തിൽ മൂന്ന് സ്ഥാനാർത്ഥികളും വിജയം ഉറപ്പു പറയുന്നു. ഇന്ന് രാവിലെ എട്ടിന് കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ വോട്ടെണ്ണൽ ആരംഭിക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജനും ജനകീയ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പി.കെ ശശിയും സഹോദരന്മാരാണ്. കാഞ്ഞാർ സി.ഐ മാത്യു ജോർജിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പോളിംഗ് ബൂത്തിനു സമീപം നിലയുറപ്പിച്ചിരുന്നു.