രാജാക്കാട്: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് ആട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 2.1 കിലോഗ്രാം ഉണക്ക കഞ്ചാവുമായി മൂന്ന് യുവാക്കൾ ബോഡിമെട്ട് എക്‌സൈസ് ചെക്പോസ്റ്റിൽ പിടിയിലായി. ശാന്തൻപാറ സ്വദേശികളായ ആർ. ചന്ദ്രശേഖർ (21), വി. വിമൽ (25), തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി കവികുമാർ (26) എന്നിവരെയാണ് ചെക്‌പോസ്റ്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ് എസ്.പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വാഹന പരിശോധന നടത്തുന്നതിനിടെ അതിർത്തി കടന്ന് എത്തിയ ആട്ടോറിക്ഷ പരിശോധിക്കവെയാണ് കഞ്ചാവ് കണ്ടെടുത്തത്. മൂന്നാർ മേഖലയിൽ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തോട്ടങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന വൻ ശൃംഖലയിലെ കണ്ണികളാണ് പിടിയിലായിരിക്കുന്നവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. ഷിനോജ്, അഗസ്റ്റ്യൻ ജോസഫ്, റോജിൻ അഗസ്റ്റ്യൻ എന്നിവരും പരിശോധനകളിൽ പങ്കെടുത്തു.