ചെറുതോണി: തൊഴിൽ തർക്കത്തെ തുടർന്ന് മുടങ്ങിയ ചെറുതോണി- ആലിൻചുവട് റോഡ് നിർമ്മിക്കുന്ന കരാറുകാരൻ നിർമാണോപകരണങ്ങളും മെഷീനറികളും സ്ഥലത്ത് നിന്ന് മാറ്റി. തുടർന്ന് സംയുക്ത തൊളിലാളി യൂണിയൻ ഹൈക്കോടതിയെ സമീപിച്ചു. ബുധനാഴ്ച രാത്രിയിലാണ് കരാറുകാരൻ മിക്ചർ മെഷീൻ, ജെ.സി.ബി, ടിപ്പർ ലോറികൾ, ടോറസ്, റോളർ തുടങ്ങിയ എല്ലാവിധ മെഷീനറികളും വാഹനങ്ങളും കൊണ്ടുപോയത്. ആലിൻചുവട് കേന്ദ്രമായി 14 അംഗീകൃത തൊഴിലാളികളാണ് നിലവിലുള്ളത്. ഇവരാണ് ഇതുവരെ കയറ്റിറക്ക് ജോലികൾ ചെയ്തിരുന്നത്. എന്നാൽ റോഡ് നിർമാണത്തിനുള്ള സിമന്റ് വന്നപ്പോഴാണ് തർക്കം ഉടലെടുത്തത്. നിലവിലുള്ള തൊഴിലാളികളെ കൂടാതെ പുതിയ ആൾക്കാരെ ഇറക്കണമെന്നാവശ്യപ്പെട്ടപ്പോൾ നിലവിലുള്ളവർ ഇതു തടഞ്ഞു. രണ്ടുതവണ 500 ചാക്ക് സിമന്റ് വീതം ലോറിയിൽ വന്നിരുന്നു. ആദ്യത്തെ വാഹനം ആലിൻ ചുവട്ടിലും രണ്ടാമത്തേതു ചെറുതോണിയിലും ലോഡ് ഇറക്കാൻ ശ്രമിച്ചെങ്കിലും തൊഴിലാളികൾ തടയുകയായിരുന്നു. ഇതിനിടെ മൂന്നുതവണ അസി. ലേബർ ഓഫീസർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് കരാറുകരൻ നിർമാണണോപകരണങ്ങൾ കൊണ്ടുപോയത്. 30 കോടി രൂപയുടെ നിർമാണമാണ് തടസപ്പെട്ടിരിക്കുന്നത്. ഇതിന് സമീപം പുതിയ പാലത്തിന് 25 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഇതും തൊഴിൽ തർക്കത്തെ തുടർന്ന് തടസപ്പെടാനാണ് സാധ്യത. പ്രളയക്കെടുതിയിൽ റോഡ് നശിച്ചിട്ട് മൂന്നര മാസം കഴിഞ്ഞു. ഒന്നര മാസം മുമ്പ് റോഡിനുള്ള തുക അനുവദിച്ച് നിർമാണം ആരഭിച്ചതാണ്. ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം ആരംഭിച്ച റോഡിന്റെ നിർമാണമാണ് തൊഴിൽ തർക്കത്തെ തുടർന്ന് നിലച്ചത്. പുതിയ തൊഴിലാളികളെ ഇറക്കി തർക്കം പരിഹരിക്കാൻ നിലവിലുള്ള തൊഴിലാളികൾ സമ്മതിയ്ക്കുന്നില്ല. ഇതിനെതിരെയാണ് തൊഴിലാളികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനിടെ സിമന്റ് ചാക്കിൽ കൊണ്ടുവരാതെ ടാങ്കറിൽ കൊണ്ടുവരാനുള്ള നീക്കവും നടത്തുന്നുണ്ട്. ഇതും തൊഴിലാളികൾ തടയുമെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.