ചെറുതോണി: വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി ജില്ലയിലെ പ്രളയദുരന്തത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്കുളള ധനസഹായം ഒന്നിന് രാവിലെ 11ന് ചൊറുതോണി ജില്ലാ വ്യാപാര ഭവനിൽ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് കെ.എൻ. ദിവാകരൻ, സെക്രട്ടറി കെ.പി. ഹസൻ, വൈസ് പ്രസിഡന്റ് സണ്ണി പൈമ്പള്ളിൽ എന്നിവർ അറിയിച്ചു. ജില്ലയിലെ ചെറുതോണി, മ്ലാമല, അടിമാലി, കെ. ചപ്പാത്ത്, തടിയമ്പാട്, കരിമ്പൻ തുടങ്ങിയ സ്ഥലങ്ങളിൽ പ്രളയ ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കാണ് സഹായം നൽകുന്നത്. 25 കോടിയോളം രൂപയുടെ നഷ്ടമാണ് വ്യാപാര മേഖലയിലുണ്ടാത്. ഇതിൽ അർഹരായ 183 വ്യാപാരികൾക്ക് 25,​85,​000 രൂപയാണ് വിതരണം ചെയ്യുന്നത്. നഷ്ടത്തിന്റെ തോത് അനുസരിച്ച് നാലായിരം രൂപ മുതൽ അമ്പതിനായിരം രൂപ വരെ ഓരോരുത്തർക്കും നൽകും. വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ജോയ്സ് ജോർജ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ആൻസി തോമസ്, എ.പി ഹസൻ, സുബൈർ എസ് മുഹമ്മദ് എന്നിവർ പ്രസംഗിക്കും.