ചെറുതോണി: വീടിന് സമീപത്തെ തൊഴുത്തിൽ വ്യാജ വാറ്റ് നടത്തിയ സ്ത്രീയടക്കം രണ്ട് പേർ എക്സൈസ് പിടിയിലായി. ഇഞ്ചപ്പാറ കമ്പിലൈൻ ഭാഗത്ത് വ്യാജ വാറ്റ് നടത്തിയിരുന്ന കുന്നിനിയിൽ വിജയമ്മ ഗോപാലൻ (49), തൊഴുത്തുങ്കൽ വിഷ്ണു (21) എന്നിവരെ തങ്കമണി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചാരായം വാറ്റിനായി സൂക്ഷിച്ച 220 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി. വിജയമ്മയുടെ വീടിനോട് ചേർന്നുള്ള കന്നുകാലി തൊഴുത്തിന്റെ ചാണകക്കുഴിയിൽ ജാറുകളിൽ കോട സൂക്ഷിച്ച് വാറ്റുചാരായം നിർമ്മിച്ച് വരികയായിരുന്നു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ യൂനസ്, രാജേന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ റെജി എബ്രഹാം, ജിൻസൺ, ജയിസൺ, ആൽബിൻ ജോസ്, അഗസ്റ്റിൻ തോമസ്, സിന്ധു, ജയശ്രീ എന്നിവർ പങ്കെടുത്തു. വിഷ്ണുവിനെ ദേവികുളം സബ്ജയിലിലും വിജയമ്മ ഗോപാലനെ വിയ്യൂർ സെന്റർ ജയിലിലും റിമാന്റ് ചെയ്തു.