തൊടുപുഴ: കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടത്തിന് ജില്ലയില്‍ തുടക്കമായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുടുംബശ്രീ അയല്‍ക്കൂട്ട സംവിധാനത്തിലെ എല്ലാ അംഗങ്ങളെയും ബോധവത്കരിക്കുന്നതിനും വിവിധ സാമൂഹ്യ പദ്ധതികളെക്കുറിച്ച് അവബോധം നല്‍കുന്നതിനുമായിട്ടാണ് സ്‌കൂള്‍ എന്ന ആശയത്തിന് കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചത്. രണ്ടാമത് കുടുംബശ്രീ സ്‌കൂള്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് നെടുങ്കണ്ടം സി.ഡി.എസിലെ അയല്‍ക്കൂട്ട സ്‌കൂളില്‍ മന്ത്രി എം.എം. മണി നിർവഹിക്കും. ജോയ്‌സ് ജോര്‍ജ്ജ് എം.പി തൊടുപുഴ സി.ഡി.എസില്‍ കുടുംബശ്രീ സൂളില്‍ പങ്കെടുക്കും. പി.ജെ. ജോസഫ് എം.എല്‍.എ പുറപ്പുഴ പഞ്ചായത്തിലും ഇ.എസ്. ബിജിമോള്‍ അഴുത ബ്ലോക്കിലും പങ്കെടുക്കും. അടിമാലി പഞ്ചായത്തിൽ എസ്. രാജേന്ദ്രനും കുടയത്തൂരില്‍ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എയും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഗവേണിംഗ് അംഗം ശാരദ മോഹനൻ, ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ടി.ഡി. അജേഷ്, അസിസ്റ്റന്റ് മിഷൻ കോർഡിനേറ്റർ ഷാജി മോൻ എന്നിവർ പങ്കെടുത്തു.