തൊടുപുഴ: ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്നു. കുടയത്തൂർ പഞ്ചായത്തിലെ കൈപ്പ വാർഡിലും അടിമാലി പഞ്ചായത്തിലെ തലമാലിയിലും കൊന്നത്തടി പഞ്ചായത്തിലെ മുനിയറ നോർത്ത് വാർഡിലുമായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇന്ന് വോെട്ടണ്ണൽ നടക്കും. തലമാലിയിൽ 72.65 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അടിമാലി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കോൺഗ്രസിന്റെ സ്മിതാമുനിസ്വാമി രാജിവെച്ച് സി.പി.എമ്മിൽ ചേർന്നതോടെയാണ് തലമാലിയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സ്മിത മുനിസ്വാമിയാണ് എൽ.ഡി.എഫിന്റെ സ്ഥാനാർഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന മഞ്ജു ബിജു ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. ദീപാദിവാകരനാണ് എൻ.ഡി.എ സ്ഥാനാർഥി. ഒരു സ്വതന്ത്രസ്ഥാനാർഥിയുണ്ട്. അടിമാലി ഗവ. എച്ച്.എസ്.എസിലാണ് വോട്ടെണ്ണുന്നത്. ആകെയുള്ള 1405 വോട്ടർമാരിൽ 1025 പേർ ഇവിടെ വോട്ട് രേഖപ്പെടുത്തി.
മുനിയറയിൽ 73.19 ശതമാനമായിരുന്നു പോളിങ്. 1287 വോട്ടർമാരിൽ 942 പേരാണ് സമ്മതിദാനം വിനിയോഗിച്ചത്. മുനിയറ നോർത്ത് വാർഡിലെ സി.പി.എം അംഗം എബിൻമോൻ രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 1287 വോട്ടർമാരിൽ 1025 പേർ വോട്ടുചെയ്തു. സി.പി.എമ്മിലെ സുബീഷ് ഗോപിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസിന്റെ ബിനോയ് മാത്യുവാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ഡി.ജെ.എസിന്റെ സ്ഥാനാർത്ഥിയും ഒരു സ്വതന്ത്രസ്ഥാനാർത്ഥിയും മത്സരത്തിനുണ്ട്. കൊന്നത്തടി പഞ്ചായത്ത് ഓഫീസിലാണ് വോട്ടെണ്ണൽ നടക്കുന്നത്.