ഇടുക്കി: ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് യു.ഡി.എഫ് വിജയിച്ചു. അടിമാലി പഞ്ചായത്തിലെ വനിതാ സംവരണ വാർഡായ തലമാലിയിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മഞ്ജു ബിജു വിജയിച്ചു. 554 വോട്ടുകൾ നേടിയ മഞ്ജു ബിജു സി.പിഎമ്മിലെ സ്മിതാ മുനിസ്വാമിയെയാണ് പരാജയപ്പെടുത്തിയത്. സ്മിത 421 വോട്ട് നേടി. ബി.ജെ.പിയുടെ ദീപാ ദിവാകരന് 31 വോട്ടാണ് ലഭിച്ചത്.

കുടയത്തൂർ പഞ്ചായത്തിലെ പട്ടികജാതി സംവരണ വാർഡായ കൈപ്പയിൽ സ്വതന്ത്രനായ പി.കെ. ശശി 239 വോട്ടുകൾ നേടി വിജയിച്ചു. സി.പി.എമ്മിലെ രാജൻ കേശവനെയാണ്(183 വോട്ട്) തോൽപ്പിച്ചത്. ഇവിടെ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയി. കോൺഗ്രസിലെ എം.കെ. സോമന് 166 വോട്ടുകളാണ് ലഭിച്ചത്.

കൊന്നത്തടി പഞ്ചായത്തിലെ മുനിയറ വടക്കിൽ കോൺഗ്രസിലെ ബിനോയ് മാത്യു 413 വോട്ടുകൾ നേടി വിജയിച്ചു. 413 വോട്ട് നേടിയ ബി.ഡി.ജെ.എസിന്റെ അനിൽകുമാറിനെയാണ് പരാജയപ്പെടുത്തിയത്. സി.പി.എമ്മിലെ സുബീഷ് ഗോപി 219 വോട്ടുകളും സ്വതന്ത്രനായ റോബിൻ പീറ്റർ 151ഉം വോട്ടും നേടി.