ഇടുക്കി: മാനദണ്ഡങ്ങൾ മറികടന്ന് ആരോഗ്യവകുപ്പിൽ ലാബ് ടെക്നീഷ്യൻമാരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലാബ് ടെക്‌നീഷ്യനായി ജോലി ലഭിക്കുന്നതിന് പി.എസ്.സി. നിശ്ചയിച്ചിരിക്കുന്ന യോഗ്യത പ്ലസ്ടു സയൻസും അംഗീകൃത ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി എം.എൽ.റ്റി ഡിഗ്രിയുമാണ്. എന്നാൽ ഇതിനുപകരം പി.എസ്.സി അംഗീകരിച്ചിട്ടില്ലാത്ത ഹൃസ്വകാല കോഴ്‌സ് പാസായവരെയും ജില്ലയിൽ തൊടുപുഴ ഒഴികെയുള്ള സ്ഥലങ്ങളിൽ നിയമിക്കാമെന്ന സർക്കാർ ഉത്തരവിനെതിരെ കേരള ഹെൽത്ത് സർവീസസ് ലാബ് ടെക്‌നീഷ്യൻസ് അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. സ്ഥിരനിയമനത്തിനുള്ള യോഗ്യത താത്കാലിക നിയമനത്തിനും വേണമെന്നിരിക്കെ ഇത്തരത്തിലൊരു ഉത്തരവുണ്ടായത് സംസ്ഥാനത്തെ ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ വീഴ്ചയാണെന്ന് അസോസിയേഷൻ ആരോപിക്കുന്നു. യോഗ്യതയിൽ ഇളവുവരുത്തുന്നത് നാഷണൽ പ്രോഗ്രാമുകളും മറ്റു പരിശോധനകളുമുൾപ്പടെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സർക്കാർ ലാബുകളുടെ ഗുണനിലവാരം തകർക്കുമെന്നതിന് സംശയമില്ല. നിലവിൽ യോഗ്യതയുള്ള ലാബ്‌ടെക്‌നീഷ്യന്മാരുടെ അഭാവംമൂലം പ്രവർത്തനം നടത്താൻ കഴിയാത്ത ഒരു സർക്കാർ ലാബും ജില്ലയിലില്ല. കൂടാതെ യോഗ്യതയുള്ള 35 ലധികം ലാബ് ടെക്‌നീഷ്യന്മാർ ജില്ലയിൽ താത്കാലികമായി ജോലി നോക്കുന്നുമുണ്ട്. ജില്ലാ ആശുപത്രിയിലേയ്ക്ക് ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റിൽ വന്ന യോഗ്യരായ മൂന്ന് ടെക്‌നീഷ്യന്മാർക്ക് ഒരു മാസം കഴിഞ്ഞിട്ടും നിയമന ഉത്തരവ് നൽകിയിട്ടുമില്ല. യഥാർത്ഥ യോഗ്യതയുള്ള ടെക്‌നീഷ്യന്മാർക്ക് പകരം യാതൊരു യോഗ്യതാ മാനദണ്ഡവുമില്ലാത്ത, പി.എസ്.സി. അംഗീകരിച്ചിട്ടില്ലാത്ത, ഗുണമേന്മ ഉറപ്പുവരുത്തുതിന് നിലവിൽ സംവിധാനങ്ങളൊന്നുമില്ലാത്തവരെ നിയമിക്കുന്നത് രോഗികളുടെ ജീവനുതന്നെ ഭീഷണിയാകുമെന്നുള്ളതുകൊണ്ട് ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മുഴുവൻ സർക്കാർ ലബോറട്ടിറി ടെക്‌നീഷ്യന്മാരും സമരം ആരംഭിക്കുകയാണ്. ഇതിന്റെ മുന്നോടിയായി ജില്ലാ മെഡിക്കൽ ഓഫീസിന് മുമ്പിൽ ഇന്നലെ സൂചനസമരം സംഘടിപ്പിച്ചു. ജില്ലാ ലാബ് ടെക്‌നീഷ്യൻ റഫീക്കാബീഗം സമരം ഉദ്ഘാടനം ചെയ്തു. കേരള ഹെൽത്ത് സർവ്വീസസ് ലാബ് ടെക്‌നീഷ്യൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.രാജ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.സാജൻ, എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാനസെക്രട്ടേറിയേറ്റംഗങ്ങളായ റോയി ജോർജ്, സണ്ണി മാത്യു, ജില്ലാ സെക്രട്ടറി എൻ.എസ്.ബിന്ദു, ട്രഷറർ കെ.എസ്. ബിന്ദുമോൾ, എക്‌സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ ജോർജ് തോമസ്, കെ.ടി.ആന്റണി എന്നിവർ പ്രസംഗിച്ചു.