തൊടുപുഴ: മദ്യവും മയക്കുമരുന്നുമല്ല, നന്മ നിറഞ്ഞ ജീവിതമാകണം യുവതലമുറയുടെ ലഹരിയെന്ന മഹത്തായ ആശയം വിദ്യാർത്ഥികളിലെത്തിച്ച് കേരളകൗമുദിയും എക്സൈസ് വകുപ്പും സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ വൻവിജയമായി മാറി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ എ.പി.ജെ അബ്ദുൾ കലാം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ മിനി മധു ഉദ്ഘാടനം ചെയ്തു. മാതാപിതാക്കളും അദ്ധ്യാപകരും പകർന്ന് നൽകുന്ന നല്ലകാര്യങ്ങൾ ഉൾകൊണ്ട് ലഹരികൾക്ക് അടിമപ്പെടാത്ത നല്ല പൗരന്മാരായി യുവതലമുറ മാറണമെന്ന് അവർ പറഞ്ഞു. അച്ഛനമ്മമാർ പറയുന്നതല്ല, കൂട്ടുകാർ പറയുന്നതാണ് ശരിയെന്ന് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് തോന്നാം. അങ്ങനെ അവർ പലപ്പോഴും ലഹരിയുടെ വഴിയിലേക്ക് പോകാറുണ്ട്. എന്നാൽ അത് തെറ്റാണെന്ന് തിരിച്ചറിയാനാണ് ഇത്തരം ക്ലാസുകൾ. ഇത്തരമൊരു ഉദ്യമത്തിന് തയ്യാറായ കേരളകൗമുദിയെ അഭിനന്ദിക്കുന്നതായും മിനി മധു പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ യു.എൻ. പ്രകാശ് അദ്ധ്യക്ഷനായിരുന്നു. സമൂഹത്തിലെ തിന്മകൾക്കെതിരെയും അനാചാരങ്ങൾക്കെതിരെയും പടപൊരുതുന്നതിൽ കേരളകൗമുദി എക്കാലത്തും മുൻപന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എച്ച്. യൂസഫ് മുഖ്യപ്രഭാഷണം നടത്തി. ലഹരിയുടെ പിടിയിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ ഇത്തരം ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ. സിന്ദു വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം സമൂഹത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. തിരിച്ചറില്ലാത്ത പ്രായമായതിനാൽ കൗമാരക്കാരെ എളുപ്പം സ്വാധീനിക്കാൻ കഴിയുമെന്നതാണ് ലഹരിമാഫിയ മുതലാക്കുന്നത്. മദ്യത്തേക്കാൾ പതിന്മടങ്ങ് ദൂഷ്യവശമുള്ള ലഹരിയാണ് മയക്കുമരുന്ന്. ഇതിൽ എൽ.എസ്.ഡി സ്റ്റാമ്പ് പോലുള്ളവ അതീവ അപകടകാരിയാണ്. ഒരു തവണ ഉപയോഗിച്ചാൽ ജീവിതകാലം മുഴുവൻ അതിന് അടിമയായി മാറും. ഏത് ലഹരി വസ്തു ഉപയോഗിച്ചാലും 24 മണിക്കൂറിനകം അതിനെതിരായ മരുന്ന് നൽകിയാലേ തിരികെ സാധാരണ നിലയിലെത്തൂ. ലഹരിക്കടിമയായാൽ കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും ഒറ്റപ്പെടുമെന്നും സിന്ദു പറഞ്ഞു. തുടർന്ന് കുട്ടികൾ ലഹരിക്കെതിരായ പ്രതിജ്ഞയുമെടുത്തു. ചടങ്ങിൽ കേരളകൗമുദി സർക്കുലേഷൻ മാനേജർ ശ്രീജിത്ത് സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ജോഷ്വ ജോഷി നന്ദിയും പറഞ്ഞു.