വണ്ണപ്പുറം: തെക്കേച്ചിറ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് തുടക്കമാകും. എട്ടിന് സമാപിക്കും. ഗുരുവായൂർ മണിസ്വാമി യജ്ഞാചാര്യൻ ആയിരിക്കും. രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് നാലിന് വിഗ്രഹ ഘോഷയാത്ര (കാഞ്ഞിരക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ നിന്ന് യജ്ഞശാലയിലേക്ക്), അഞ്ചിന് ഉദ്ഘാടന സമ്മേളനം നടക്കും. തുടർന്ന് മാഹാത്മ്യ പ്രഭാഷണം.യജ്ഞശാലയിൽ എല്ലാ ദിവസവും രാവിലെ 5.30 ന് സമൂഹ നെയ്‌വിളക്ക് സമർപ്പണം, 5.45 മുതൽ സ്ത്രോത്ര പാരായണം, 6.15 ന് വിഷ്ണുസഹസ്ര നാമം, സമൂഹ പ്രാർത്ഥന, കീർത്തനങ്ങൾ, ശ്ളോകങ്ങൾ, 7 മുതൽ പാരായണം, പ്രഭാഷണം, ഉച്ചയ്ക്ക് 12.30 ന് പ്രസാദ ഊട്ട്, 1.30 മുതൽ 6.30 വരെ പാരായണം, പ്രഭാഷണം.
മാതാവിന്റെ അമലോത്ഭവ തിരുനാളിന് തുടക്കം
തൊടുപുഴ: തൊടുപുഴ ഡിവൈൻ മേഴ്സി ഷ്രൈൻ ഓഫ് ഹോളി മേരിയിൽ ദൈവകരുണയുടെ മാതാവിന്റെ അമലോത്ഭവ തിരുനാളിന് തുടക്കമായി. തൊടുപുഴ ഫൊറോനാ പള്ളി വികാരി റവ.ഡോ. ജിയോ തടിക്കാട്ട് പതാക ഉയർത്തി. റെക്ടർ ഫാ.സോട്ടർ പെരിങ്ങാരപ്പിളളിൽ, വൈസ് റെക്ടർ പോൾ ആക്കപ്പടിക്കൽ എന്നിവർ പങ്കെടുത്തു.
വാർഡ് സഭായോഗം
തൊടുപുഴ: തൊടുപുഴ നഗരസഭ 21-ാം വാർഡ് സഭായോഗം രണ്ടിന് ഉച്ചകഴിഞ്ഞ് 2.30 ന് ന്യൂമാൻ കോളേജിൽ നടക്കുമെന്ന് കൗൺസിലർ ഷാഹുൽ ഹമീദ് അറിയിച്ചു.
മുട്ടക്കോഴി വിതരണം
ഉടുമ്പന്നൂർ: കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട് മാസം പ്രായമായതും രോഗപ്രതിരോധ ശേഷിയുള്ളതുമായ ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങൾ ആറിന് രാവിലെ ഒമ്പത് മുതൽ ഉടുമ്പന്നൂരിൽ പ്രവർത്തിക്കുന്ന കോഡ്സിന്റെ ഓഫീസിൽ നിന്ന് വിതരണം ചെയ്യും. താത്പര്യമുള്ളവർ അഞ്ചിന് മുമ്പായി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04862- 271555, 9496680718, 6282967479.
ഗുരുദക്ഷിണ കുടുംബയോഗം
ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയുടെ കീഴിലുള്ള ഗുരുദക്ഷിണ കുടുംബ യൂണിറ്റിന്റെ 107-ാമത് യോഗം ശാഖാ സെക്രട്ടറി പി.കെ. രാമചന്ദ്രന്റെ വസതിയിൽ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുമെന്ന് ശാഖാ പ്രസിഡന്റ് പി.പി ഷിബു അറിയിച്ചു.