മുട്ടം: മുട്ടം കോടതി റോഡിന്റെ വീതി കൂട്ടുന്നതിനായി കുഴിയെടുത്ത് മണ്ണ് മാറ്റുന്നതിനിടെ ബി.എസ്.എൻ.എലിന്റെ കേബിളുകൾ മുറിയുകയും ജില്ലാ ജയിലിലേക്കുള്ള വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ പൊട്ടുകയും ചെയ്തു. കേബിൾ മുറിഞ്ഞതിനെ തുടർന്ന് ജില്ലാ കോടതി, ജില്ലാ ജയിൽ ഉൾപ്പെടെ ഈ മേഖലയിലെ അറുപതോളം ലാന്റ് ഫോൺ കണക്ഷനുകളും നെറ്റ് വർക്കുകളും നിശ്ചലമായി. ജയിലിലേക്കടക്കം വെള്ളമെത്തിക്കുന്ന പൈപ്പ് കണക്ഷനാണ് പൊട്ടിയത്. നിലവിൽ പൈപ്പ് ലൈനിലൂടെ വെള്ളം പമ്പിംഗ് ഇല്ലാത്ത സമയമായതിനാൽ ഈ ഭാഗത്തേക്കുള്ള ജലവിതരണം തടസപ്പെട്ടില്ല. കോടതി റോഡ്‌ വീതികൂട്ടുന്നതിന് വേണ്ടി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇന്നലെ രാവിലെ പണികൾ നടത്തുന്നതിനിടെയാണ് ഫോൺ കേബിളുകൾ മുറിഞ്ഞതും പൈപ്പ് ലൈൻ പൊട്ടിയതും. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ വീതി കൂട്ടുന്നത്. ജില്ലാ കോടതിയിലേക്കുള്ള റോഡിന് വീതി കുറവായതിനാൽ ഇത് വഴിയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടാണ് റോഡിന്റെ വശം കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടാൻ തീരുമാനിച്ചത്. ജില്ലാ കോടതിയിലേക്കുള്ള ഫോൺ ബന്ധവും നെറ്റ് കണക്ഷനും നിശ്ചലമായതോടെ പ്രശ്നം പരിഹരിക്കാൻ അധികൃതർ നെട്ടോട്ടമോടി. സംഭവത്തിൽ ബി.എസ്.എൻ.എൽ അധികൃതരും ജലവിതരണ പൈപ്പ് നശിപ്പിച്ചതിൽ ജയിൽ അധികൃതരും മുട്ടം പൊലീസിൽ പരാതി നൽകി. കേബിളുകൾ മുറിഞ്ഞതിനെ തുടർന്ന് റോഡ്‌ നിർമ്മാണത്തിന്റെ കോൺട്രാക്ടർ ബി.എസ്.എൻ.എല്ലിന് നഷ്ടപരിഹാരം നൽകാമെന്ന് അറിയിച്ചു. മുറിഞ്ഞ കേബിളുകൾ ഇന്നലെ വൈകിട്ട് ആറിന് നന്നാക്കുകയും നിശ്ചലമായ ഫോൺ ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.