kk
കോൺഗ്രസ് നടത്തിയ പ്രതിഷേധം

കട്ടപ്പന: ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ തന്നെയാണ് കഞ്ഞി. ഈ പഴമൊഴി ശരിയാണെന്ന് തെളിയിക്കുന്ന കാഴ്ചയാണ് ഇന്നലെ കട്ടപ്പന പാറക്കടവിൽ കണ്ടത്. മാസങ്ങളായി തകർന്ന് കിടക്കുന്ന തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ പുളിയൻമല മുതൽ പാറക്കടവ് വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധവുമായി കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് ആരോപണ പ്രത്യാരോപണങ്ങളുമായി കോൺഗ്രസും സി.പി.എമ്മും രംഗത്ത് വന്നത്. ഉരോധ സമരം എ.ഐ.സി.സി അംഗം ഇ.എം അഗസ്തി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് തോമസ് മൈക്കിൾ അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ ജോണി കുളംപള്ളി, തോമസ് രാജൻ, നഗരസഭ വൈസ് ചെയർപേഴ്സൺ രാജമ്മ രാജൻ, പ്രശാന്ത രാജു, നഗരസഭാ കൗൺസിലർ സിബി പാറപ്പായി എന്നിവർ പങ്കെടുത്തു.

നടുവൊടിഞ്ഞ് ജനം

തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയുടെ ഭാഗമായ കട്ടപ്പന മുതൽ പുളിയന്മല വരെയുള്ള ഏഴ് കിലോമീറ്റർ ദൂരമാണ് പൂർണമായും തകർന്ന് കിടക്കുന്നത്. നാട്ടുകാരും ആട്ടോറിക്ഷാ തൊഴിലാളികളും അടക്കം നിരവധി ആളുകൾ പലപ്പോഴായി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. തകർന്ന റോഡിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു.

''കോൺഗ്രസ് ഉപരോധസമരം പ്രഖ്യാപിച്ചതിന് ശേഷം ഇന്നലെ രാത്രി വിവിധ ഇടങ്ങളിലായി മെറ്റൽ ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിച്ചിരുന്നു. എന്നാൽ പണി ആരംഭിച്ചതിനുശേഷമാണ് കോൺഗ്രസുകാർ പ്രക്ഷോഭവുമായി രംഗത്തെത്തിയതെന്ന് സിപിഎമ്മുകാർ വ്യാജ പ്രചാരണം നടത്തുന്നു"".

-ഇ.എം. ആഗസ്തി (എ.ഐ.സി.സി അംഗം)

''കോൺഗ്രസ് നടത്തിയ സമരം പ്രഹസനമാണ്. പുളിയൻമല മുതൽ ചപ്പാത്ത് വരെയുള്ള റോഡിന്റെ നിർമ്മാണത്തിനായി 81കോടി രൂപ അനുവദിച്ചതാണ്. ഉപരോധസമരം പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ രാത്രിയിൽ വിവിധ ഇടങ്ങളിലായി മെറ്റൽ ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിച്ച് പണി ആരംഭിച്ചതിനുശേഷമാണ് കോൺഗ്രസുകാർ പ്രക്ഷോഭവുമായി രംഗത്തെത്തിയത്.

- വി.ആർ സജി (സി.പി.എം കട്ടപ്പന ഏരിയാ സെക്രട്ടറി)