തൊടുപുഴ: തൊടുപുഴയിലും സമീപ പ്രദേശത്തും വർദ്ധിച്ച് വരുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ ഇടുക്കി ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ 'വഴിക്കണ്ണ്' പദ്ധതിക്ക് രൂപം നൽകി. തിരക്കും അപകടവും കൂടിയ സംസ്ഥാന പാതയായ മുട്ടം തൊടുപുഴ റോഡ് കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നതെന്ന് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേഷ് എം. പിള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആദ്യം വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അപകട സാധ്യതാ സർവേ നടക്കും. തുടർന്ന് വാഹന പരിശോധന, റോഡുകളുടെ മെയിന്റനൻസ്, കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ശിക്ഷയോടൊപ്പം കൗൺസിലിംഗ്, ബോധവത്കരണ പരിപാടികൾ എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും. തൊടുപുഴ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും എല്ലാ കോളേജുകളിലും സ്‌കൂളുകളിലും ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നിയമ സാക്ഷരതാ ക്ലബ്ബുകൾക്ക് രൂപം നൽകി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബോധവത്കരണ സെമിനാർ നടത്തും. പദ്ധതിയുടെ ഉദ്ഘാടനം മൂന്നിന് ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തിൽ നടക്കും. ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി ദിനേശ് എം. പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗവും പദ്ധതിയുടെ ലോഞ്ചിംഗും സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ. പത്മകുമാർ നിർവഹിക്കും. പദ്ധതിയുടെ ലോഗോ പ്രകാശനം നഗരസഭാ ചെയർപേഴ്സൺ മിനി മധു നിർവഹിക്കും. ജില്ലാ പൊലീസ് മേധാവി കെ. ബി. വേണഗോപാൽ മുഖ്യപ്രഭാഷണം നടത്തും. മദ്ധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ഷാജി ജോസഫ്, തൊടുപുഴ ഡി.വൈ.എസ്.പി കെ.പി. ജോസ്, ഇടുക്കി ആർ.ടി.ഒ ആർ. രാജീവ്, ഐ.എം.എ പ്രസിഡന്റ് ഡോ. സി.വി. ജേക്കബ്, ട്രാക്ക് പ്രസിഡന്റ് ജെയിംസ് ടി. മാളിയേക്കൽ, ജോയിന്റ് ആർ.ടി.ഒ എം. ശങ്കരൻപോറ്റി, ഇടുക്കി പ്രസ് ക്ലബ്ബ് പ്രസിഡന്റ് അഷ്റഫ് വട്ടപ്പാറ, ട്രാക്ക് സെക്രട്ടറി സണ്ണി തെക്കേക്കര എന്നിവർ സംസാരിക്കും.