തൊടുപുഴ: കലയും യാഥാസ്ഥിതികതയോടുള്ള കലാപവും തൊടുപുഴയുടെ ചരിത്രത്തോട് സന്നിവേശിപ്പിച്ച ജീവിതമായിരുന്നു ഇന്നലെ അന്തരിച്ച എം.എസ്. മുഹമ്മദ് ലബ്ബ എന്ന എം.എസ്.എം ലബ്ബയുടേത്. രാഷ്ട്രീയം, കല, നാടകപ്രവർത്തനം, സഹകരണം, ട്രേഡ് യൂണിയൻ പ്രവർത്തനം തുടങ്ങിയ എല്ലാ കർമപഥങ്ങളിലും തിളങ്ങി ആറുപതിറ്റാണ്ടിന്റെ ജീവിതം.
കുമ്പങ്കല്ല് മുണ്ടയ്ക്കൽ ശിങ്കാരം ലബ്ബയുടെയും മൈമൂൻ ബീവിയുടെയും മകനായി 1935ൽ ജനനം. ആദ്യകലാപം തുടങ്ങിയത് തലമുടി വളർത്തിയതിന്റെ പേരിൽ. മുസ്‌ലിം ചെറുപ്പക്കാർ തലമുണ്ഡനം ചെയ്യണമെന്നത് അന്നത്തെ സമുദായ നിയമമായിരുന്നു. അന്ന് ഇതിനെ എതിർത്ത് തലമുടി വളർത്തിയ ലബ്ബക്ക് കിട്ടിയത് വീട്ടുകാരുടെയും നാട്ടുകാരുടെയും വക മരത്തിൽ കെട്ടിയിട്ടുള്ള അടി. ലബ്ബയിലെ കമ്മ്യൂണിസ്റ്റിന്റെ പിറവി ഈ സംഭവത്തോടെയാണെന്ന് പറയാം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ, പിന്നീട് എം.എൽ.എയായ അന്തരിച്ച എം. ജിനദേവൻ, പി.പി. മുഹമ്മദ്, ഇപ്പോഴും തൊടുപുഴയിലെ സി.പി.എം നേതൃനിരയിലുള്ള എം. കുമാരൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തനം. ഒരിക്കലും നേതൃനിരയിലേക്ക് എത്തിയിട്ടില്ലെങ്കിലും അന്ന് മുസ്ലീം ജനവിഭാഗത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ് അനുഭാവികളുണ്ടാകാൻ കാരണം ലബ്ബയുടെയും പി.പി. മുഹമ്മദിന്റെയും പ്രവർത്തനമായിരുന്നു.
1956 നവംബർ ഒന്നിന് പിറന്ന കേരളത്തോടൊപ്പമാണ് ലബ്ബയിലെ നാടകകാരന്റെയും പിറവി. ഇന്നത്തെ വ്യാപാരഭവൻ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ജനതാ ആർട്‌സ് ക്ലബ് വള്ളംകുളം ആർ.എസ് കുറുപ്പിന്റെ നേതൃത്വത്തിൽ ഒരു നാടകം അവതരിപ്പിച്ചു. നാടകത്തിന് പ്രോംപ്‌റ്ററെ തേടിയുള്ള അന്വേഷണം അവസാനിച്ചത് ഗാംഭീര്യമുള്ള ശബ്ദത്തിന് ഉടമയായ ലബ്ബയിൽ. പിന്നെ നാടകരചനയിലേക്ക്. സ്വന്തം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ എഴുതിയ നാടകങ്ങൾ പക്ഷേ യാഥാസ്ഥിതികരുടെ ശക്തമായ എതിർപ്പ് ക്ഷണിച്ചുവരുത്തി. ആദ്യ നാടകമായ തീരാത്ത ഹക്ക് (സത്യം) അവതരിപ്പിച്ചതിന് കായിക ആക്രമണങ്ങൾ വരെ നേരിട്ടു. 15 വർഷം മുമ്പ് തൊടുപുഴയിൽ കേരള സംഗീത നാടക അക്കാദമി നടത്തിയ പരിപാടിയിൽ നാടക പ്രവർത്തനത്തിന്റെ പേരിൽ ലബ്ബയെ ആദരിച്ചിരുന്നു. 1988ലെ തൊടുപുഴ നഗരസഭാ കൗൺസിലിലേക്ക് മുസ്ലീംലീഗിന്റെ കരുത്തുറ്റ നേതാവ് എ.എം. മുഹമ്മദ് കുഞ്ഞ് ലബ്ബയോട് മൽസരിച്ചെങ്കിലും വിജയിക്കാനായില്ല. കാരിക്കോട് സഹകരണ ബാങ്ക് ഭരണസമിതിയിലൂടെയാണ് സഹകരണ രംഗത്തേക്കുള്ള കടന്നുവരവ്. 25 വർഷത്തോളം ബാങ്കിന്റെ പ്രസിഡന്റായി. ജില്ലാ സഹകരണ ആശുപത്രി സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച ലബ്ബ പിന്നീട് അതിന്റെ പ്രസിഡന്റുമായി. ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറായും പ്രവർത്തിച്ചു. ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് രൂപീകരിച്ച ബീഡി കമ്പനി പിന്നീട് ചാമ്പ്യൻ ബീഡി കമ്പനിയായി മാറി.