തൊടുപുഴ: മോട്ടോർ ഉപയോഗിച്ച് വെള്ളംവറ്റിച്ച് കിണറ്റിലിറങ്ങിയ ഗൃഹനാഥന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. മുതലക്കോടം തുരുത്തിപ്പള്ളിൽ സിജോ ജോസിനാണ് പുരയിടത്തിലെ ആഴമുള്ള കിണറ്റിൽ ഇറങ്ങിയപ്പോൾ ശ്വാസതടസം അനുഭവപ്പെട്ടത്. വെള്ളം വറ്റിക്കുന്നതിനായി ഡീസൽ മോട്ടോർ പ്രവർത്തിപ്പിച്ചതുമൂലമുണ്ടായ പുക കിണറ്റിൽ തങ്ങിനിന്നതാണ് പ്രശ്നമായത്. വിവരം അറിഞ്ഞ് അഗ്നിസുരക്ഷാസേന സ്ഥലത്ത് എത്തിയപ്പോഴേക്കും നാട്ടുകാർ സിജോയെ കരയ്ക്ക് എത്തിച്ചിരുന്നു. കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനാൽ ദുരന്തം ഒഴിവായി. നല്ല ആഴമുള്ള ഈ കിണറ്റിൽ മുമ്പ് സമാനമായ രീതിയിൽ ഒരാൾ മരണപ്പെട്ടിട്ടുണ്ട്.