തൊടുപുഴ: രാത്രിയിൽ വാഹനമോടിച്ച് എത്തുന്ന ശബരിമല തീർത്ഥാടകർക്ക് ചുക്കുകാപ്പിയുമായി തൊടുപുഴ പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തൊടുപുഴ സ്റ്റേഷനിലെ പൊലീസുകാരാണ് ചുക്കുകാപ്പി വിതരണം ചെയ്യുന്നത്. രാത്രി പത്തുമുതൽ പുലർച്ചെവരെ കാപ്പി വിതരണമുണ്ടാകും. തൊടുപുഴ- ഈരാറ്റുപേട്ട റൂട്ടിൽ ഒളമറ്റത്തിന് സമീപത്താണ് നല്ല ചൂടുള്ള ചുക്കുകാപ്പിയുമായി പൊലീസുകാർ ഉറക്കമിളച്ച് കാത്തിരിക്കുന്നത്. തീർത്ഥാടകരുടെ വാഹനം കൈകാണിച്ച് നിറുത്തി ഡ്രൈവർക്കും അയ്യപ്പന്മാർക്കും കാപ്പി നൽകി കുശലാന്വേഷണവും നടത്തി യാത്ര അയയ്ക്കും. തുടർച്ചയായ ഡ്രൈവിംഗിനിടെ അല്പം വിശ്രമം ലഭിക്കുന്നതിനൊപ്പം നല്ല നാടൻ കാപ്പിപ്പൊടിയും ചുക്കും കുരുമുളകും കരിപ്പട്ടിയുമൊക്കെ ചേർത്ത ചൂടുകാപ്പി നവോന്മേഷത്തിനും ഉത്തമമാണ്. തീർത്ഥാടനപാതയിലെ അപകടങ്ങൾ ഒഴിവാക്കുക എന്നതാണ് പരിപാടിയുടെ പ്രധാനലക്ഷ്യം. അതോടൊപ്പം അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് ശബരിമലയിലെ പൊലീസ് ഇടപെടലുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തെറ്റിദ്ധാരണകൾ ഒഴിവാക്കുകയെന്ന സദുദ്ദേശവും കാപ്പിവിതരണത്തിന് പിന്നിലുണ്ട്.