കണ്ണൂർ:കർഷകന്റെ ജാതകം കുറിച്ച കോഴിയെ വിപണിയിൽ ഹിറ്റാക്കിയ കമ്പനി കർഷകന്റെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ ക്യു.ആർ കോഡുമായി മുട്ടകളും വിപണിയിൽ എത്തിക്കുന്നു.
മുട്ടയുടെ മുകളിൽ പതിച്ച ക്യു.ആർ കോഡ് മൊബൈൽ ഫോണിൽ സ്‌കാൻ ചെയ്താൽ കർഷകന്റെ പേര്, വിലാസം, ഫോൺ നമ്പർ, കോഴിക്ക് നൽകിയ തീറ്റ, എത്ര ദിവസം പ്രായം, പാക്കിംഗ് തീയതി എന്നിവ അറിയാം. പരാതി ഉപഭോക്താവിന് നേരിട്ട് കർഷകനെ അറിയിക്കാം.
നാടൻ മുട്ടയെന്ന പേരിൽ കളറടിച്ച് വിൽക്കുന്ന വ്യാജമുട്ടകൾ വിപണി കീഴടക്കുമ്പോൾ തട്ടിപ്പ് തടയാൻ ഹൈടെക് സങ്കേതവുമായി മുട്ട എത്തിക്കുന്നത് കൊല്ലത്തെ വേണാട് പൗൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ്. കർഷകന്റെ വിവരങ്ങൾ അടങ്ങിയ ക്യു.ആർ കോഡുമായി കമ്പനി ഇറക്കിയ വേണാട് സിഗ്നേച്ചർ കോഴിക്ക് റെക്കാർഡ് വിൽപ്പനയാണ്. ആ വിജയത്തിന്റെ ബലത്തിലാണ് ക്യു. ആർ കോഡുള്ള മുട്ട വിപണിയിലിറക്കുന്നത്.
കണ്ണൂർ ജില്ലയിലാണ് തുടക്കം. ജില്ലയിലെ ഇരിണാവ്, കടന്നപ്പള്ളി, കുഞ്ഞിമംഗലം, കോറോം സഹകരണ ബാങ്കുകൾക്ക് കീഴിലെ അയ്യായിരത്തോളം കർഷകർക്ക് കോഴികളെ വിതരണം ചെയ്തിരുന്നു. ഇവർ ഉത്പാദിപ്പിക്കുന്ന മുട്ടകൾക്കാണ് ക്യു.ആർ കോഡ്. ഒരു ദിവസം പതിനായിരം മുട്ട വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. കർഷകർക്ക് ഒരു മുട്ടയ്ക്ക് 5.50 രൂപ നൽകും. പാക്കിംഗ്, മാർക്കറ്റിംഗ് എന്നിവയ്ക്ക് 50 പൈസ വീതം. 6.50 രൂപയ്ക്ക് വിതരണക്കാർക്ക് നൽകും. ഏഴ് രൂപ മുതൽ എട്ട് രൂപ വരെയാണ് വിപണി വില. വിപണിയിലെ ചാഞ്ചാട്ടം ഇത്തരം മുട്ടകളെ ബാധിക്കില്ല.
'ഉത്പാദകനും ഉപഭോക്താവും തമ്മിലുള്ള അകലം ഇല്ലാതാക്കാനാണ് ക്യു.ആർ കോഡുള്ള മുട്ട വിപണിയിലിറക്കുന്നത്. പരാതികൾ ഉത്പാദകനെ അറിയിക്കാൻ ഉപഭോക്താവിന് കഴിയും. കൃത്രിമമായി വിരിയിക്കാതെ, ഹോർമോൺ കുത്തിവയ്ക്കാതെ പൂർണമായും ജൈവരീതിയിലാണ് കോഴികളെ വളർത്തുന്നത്.
--ഡോ. കെ. ചന്ദ്രപ്രസാദ്
ചെയർമാൻ, വേണാട് പൗൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്
ദിവസം 10 കോടിയുടെ മുട്ട, ആറു ലക്ഷം കോഴികൾ
ഒരു ദിവസം കേരളത്തിൽ ചെലവാകുന്നത് 10 കോടിയുടെ മുട്ടയാണ്. അഞ്ചുലക്ഷം മുതൽ ആറുലക്ഷം വരെയാണ് ഒരു ദിവസത്തെ കോഴി വിൽപ്പന. ഇതിൽ 70 ശതമാനവും തമിഴ്നാട്ടിൽ നിന്നാണ്. സംസ്ഥാനത്തെ ഉത്പാദനം 30 ശതമാനം മാത്രം.