കേളകം: അടക്കാത്തോട് വാളുമുക്കിൽ ആറളം വന്യജീവി സങ്കേതത്തോട് ചേർന്ന പുഴയോരത്ത് മലാന്റെ ജഡം കണ്ടെത്തി. വയറിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ജഡത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്.ചീങ്കണ്ണിപ്പുഴയിൽ കുളിക്കാനിറങ്ങിയ ആദിവാസികൾ, ദുർഗ്ഗന്ധം വമിച്ചതിനെത്തുടർന്നു നടത്തിയ തെരച്ചിലിലാണ് പുഴയോരത്ത് മലാനെ ചത്ത നിലയിൽ കണ്ടെത്തിയത്.
വനം വകുപ്പിൽ വിവരം അറിയിച്ചതിനെത്തുടർന്ന് വെറ്ററിനറി സർജൻ എ അരുണിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ജഡം വനത്തിനുള്ളിൽ മറവു ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമേ മലാൻ ചത്തതിന്റെ കാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.ആറളം വന്യജീവി സങ്കേതം അസി. വാർഡൻ കെ.വി.ജയപ്രകാശ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽകുമാർ ഉൾപ്പെടെയുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.