കാഞ്ഞങ്ങാട്: നിയമത്തിനും ഭരണഘടനയ്ക്കും മുകളിൽ വിശ്വാസത്തെ സ്ഥാപിക്കാനാണ് സംഘപരിവാറും കോൺഗ്രസും ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
മടിക്കൈ കുഞ്ഞിക്കണ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസം വ്യക്തിപരമാണ്. ബി.ജെ.പിയുടെ ശ്രീധരൻ പിള്ളയും ചെന്നിത്തലയും വിശ്വാസികൾക്കൊപ്പമാണ്. എന്നാൽ ഇടതുപക്ഷം വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടുന്ന ജനപക്ഷത്താണ്. അവരെ രണ്ടു പേരെയും വേറിട്ടുകാണാൻ ഇടതുപക്ഷം ശ്രമിച്ചിട്ടില്ലെന്നും കാനം പറഞ്ഞു.
ശബരിമല ക്ഷേത്രം തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ആരാധനാ കേന്ദ്രമാണ്. മതനിരപേക്ഷതയുടെ കേന്ദ്രം കൂടിയാണിത്. ക്ഷേത്ര വിശ്വാസം നിലനിർത്താനായുള്ള സമരത്തിൽ കോൺഗ്രസ്സുകാർ കൊടിയെടുക്കാതെയാണ് പങ്കെടുക്കുന്നത്. ഇത് മതനിരപേക്ഷതയെ ശക്തിപ്പെടുത്തുമോ ദുർബലപ്പെടുത്തുമോയെന്ന് രമേശ് ചെന്നിത്തല തന്നെ പറയണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.