തൃക്കരിപ്പൂർ: സാമൂഹ്യ പെൻഷൻ വിതരണത്തിന് വാർഷിക വരുമാനത്തിനു പകരം വീടിന്റെ വലുപ്പം പരിഗണിക്കുന്നത് സാധാരണക്കാരെ വെട്ടിലാക്കുന്നതായി പരാതി. പുതിയ നയം കാരണം പട്ടികയിൽ ഉൾപ്പെട്ട പകുതിയിലേറെ പേർ പുറത്തായിരിക്കുകയാണ്.
ഒരു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള കുടുംബത്തിൽപ്പെട്ട 60 വയസ്സുള്ളവർക്കാണ് വാർദ്ധക്യ പെൻഷൻ അനുവദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വീടിന്റെ വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റിന് മുകളിലുള്ളവരെ അയോഗ്യരാക്കുകയാണെന്നാണ് പെൻഷൻകാർ ആരോപിക്കുന്നത്.
ഇത്തരത്തിൽ പെൻഷൻ നയം തിരുത്തിയതോടെ നൂറുക്കണക്കിന് മുതിർന്ന പൗരന്മാർ പെൻഷൻ പട്ടികയിൽ നിന്നും പുറത്തായെന്നാണ് ആരോപണം.
സർക്കാർ ഇറക്കിയ ഉത്തരവ് മൂലം സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിൽനിന്നായി നൂറുകണക്കിന് അപേക്ഷകൾ നിരസിച്ചു കഴിഞ്ഞു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ മാത്രം 400 റോളം അപേക്ഷകൾ ലഭിച്ചതിൽ 275 അപേക്ഷകളാണ് നിരസിച്ചത്.
സമ്പത്തുണ്ടായിരുന്നപ്പോൾ വീട് എടുത്തുവെങ്കിലും കഷ്ടകാലത്ത് പെൻഷന് അപേക്ഷിച്ചാൽ വീടിന്റെ പേരിൽ നിരസിക്കുന്നത് നീതിയുക്തമല്ലെന്നും സർക്കാർ നയം തിരുത്തണമെന്നുമാണ് മുതിർന്ന പൗരന്മാർ ആവശ്യപ്പെടുന്നത്.
പ്രളയ ദുരന്തത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പെൻഷൻകാരെ ബലിയാടാക്കുന്ന രീതി പ്രതിഷേധാർഹമാണെന്ന് പരക്കെ ആക്ഷേപമുയർന്നു കഴിഞ്ഞു. വിഷയം ഏറ്റെടുത്ത് യു.ഡി.എഫ് ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യാനുള്ള ഒരുക്കത്തിലാണ് .