കണ്ണൂർ: മുഖ്യമന്ത്രിയ്ക്ക് നേരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ചെറുതാഴം മണ്ടൂർ സ്വദേശി വിജേഷി (35) നെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. ഇയാൾ ആർ.എസ്.എസ് പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെ ഫോണിൽ നിരന്തരമായി വിളിച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനാണ് വിജേഷിനെ സൈബർ സെല്ലിന്റെ സഹായത്തോടെ ടൗൺ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്. സി.പി.ഒമാരായ റയീസ്, സജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് കൊളത്തൂർ ആശ്രമത്തിൽവെച്ച് ഇന്നലെ രാത്രിയോടെയാണ് യുവാവിനെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.