മാഹി: വീട്ടിൽ കടന്നുകയറിയുള്ള അക്രമത്തിൽ ഗൃഹനാഥനായ ചാലക്കരയിലെ മേലന്തൂർ മീത്തൽ പുരുഷുവിന് (50) സാരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. പുരുഷുവിനെ പള്ളൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടംഗ സംഘം വീട്ടിൽ കയറി ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

അനധികൃതസ്വത്ത് ; പുതുച്ചേരി എം.എൽ.എ അയോഗ്യനാകും

മാഹി: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ട തട്ടാഞ്ചാവടിയിലെ എൻ.ആർ. കോൺഗ്രസ് എം.എൽ.എ അശോക് ആനന്ദിന് സ്ഥാനം ഇല്ലാതാകും. 2013 ലെ സുപ്രീം കോടതി ഉത്തരവു പ്രകാരം തിരഞ്ഞെടുപ്പു കമ്മിഷനാണ് നടപടിയെടുക്കുക.

നവീകരിച്ച ഹൈസ്‌കൂൾ കെട്ടിടം തുറന്നു

പയ്യാവൂർ: പൈസക്കരി ദേവമാതാ ഹൈസ്‌കൂളിന്റെ കെട്ടിടം തുറന്നു. കെ.സി.ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഫാദർ മാത്യു ശാസ്താംപടിക്കൽ കെട്ടിടം വെഞ്ചരിച്ചു. മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ട് അദ്ധ്യക്ഷനായിരുന്നു. ഗണിത ലാബ് പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പിലും ഹൈടെക് ക്ലാസ് റൂം തലശേരി അതിരൂപത അസിസ്റ്റന്റ് കോർപ്പറേറ്റ് മാനേജർ ഫാ.മാത്യൂ ശാസ്താംപടിക്കലും കൗൺസലിംഗ് റൂം പയ്യാവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആഗ്‌നസ് വാഴപ്പള്ളിയും ക്ലാസ് ലൈബ്രറി പയ്യാവൂർ ക്രഷേഴ്സ് ഉടമ ജോസ്‌മോൻ മാത്യുവും ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ പാലാക്കുഴി, ബിനോയ് ആലുങ്കത്തടത്തിൽ, ജോയി ജോസഫ് പൂവന്നിക്കുന്നേൽ, എം.എം.ബാബു, ടെൻസൺ ജോർജ് കണ്ടത്തിൻകര, മായ ജോയ്, ജോയി വണ്ടാക്കുന്നേൽ, ബിജു അഗസ്റ്റിൻ മുതുപ്ലാക്കൽ, ജോസഫ് തോമസ്, പ്രധാനാദ്ധ്യാപകൻ പി.എം.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.