കണ്ണൂർ: സിഷ്നയുടെ മിഴികളിൽ നിറക്കാഴ്ചകളില്ല, ഒരു വാക്കും മിണ്ടാനാകില്ല. കാതുകൾ ശബ്ദവീചികളെ തിരിച്ചറിയുകയുമില്ല. എന്നാൽ തോൽക്കാൻ തയ്യാറല്ലാത്തൊരു മനസാണവളെ നയിക്കുന്നത്.
ജന്മനാ അന്ധയും ബധിരയും മൂകയുമായ തലശേരി പൊന്ന്യം കുണ്ടുചിറയിലെ കാരുണ്യ വീട്ടിൽ ആനന്ദകൃഷ്ണന്റെയും പ്രീതയുടെയും മൂത്ത മകൾ സിഷ്ന കണ്ണൂരിന്റെ ഹെലൻകെല്ലറാണ്. ജന്മനാ ഉള്ള വൈകല്യങ്ങൾക്ക് പുറമെ ഹൃദയ വാൽവിന് തകരാറും കണ്ണിന് തിമിരവും ബാധിച്ചിട്ടും സിഷ്ന തളർന്നില്ല. പേപ്പർ ബാഗുകൾ, പേന, കുട, മെഴുകുതിരി തുടങ്ങി സിഷ്നയുടെ കരവിരുതിൽ തീർത്ത കരകൗശലവസ്തുക്കൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അവളുടെ വീട്. ഇപ്പോൾ സിഷ്നയ്ക്ക് പുതിയൊരു സ്വപ്നമുണ്ട്, എസ്.എസ്.എൽ.സി പരീക്ഷ എഴുതി ജയിക്കണം.
മുംബയ്‌യിലെ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂഷൻ ഡെഫ് - ബ്ലൈൻഡിലെ സിഷ്നയുടെ പഠനം പൂർത്തിയാക്കി കഴിഞ്ഞ വർഷമാണ് കുടുംബം നാട്ടിലെത്തിയത്. മകളുടെ പഠനത്തിന് പൂർണ പിന്തുണയേകി അച്ഛൻ തന്നെയാണ് വീട്ടിൽ ഇരുത്തി, എസ്.എസ്.എൽ.സി പരീക്ഷയ്ക്കായി തയ്യാറാക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒാപ്പൺ സിലബസ് പ്രകാരമാണ് എസ്.എസ്.എൽ.സിക്ക് പഠിക്കുന്നത്. പ്രത്യേക പരിഗണന ആവശ്യമില്ലാത്ത കുട്ടികളുടെ കൂടെ പഠിക്കുമ്പോൾ സിഷ്നയെ പോലുള്ളവർക്ക് ആവശ്യമായ പരിഗണന ലഭിക്കാത്തതിനാൽ മകളുടെ പഠനം മെച്ചപ്പെടുത്താനാണ് കുടുംബം മുംബയിലേക്ക് ചേക്കേറിയത്.
നാട്ടിൽ പല ഇടങ്ങളിലായി സിഷ്ന നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചാൽ മാലയ്ക്കും കുടയ്ക്കും പേപ്പർ പേനയ്ക്കുമെല്ലാം ആവശ്യക്കാരും ഏറെയാണ്. മകളുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ അച്ഛൻ കിവീസ് പോസിറ്റീവ് അക്കാഡമി എന്ന പേരിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ടും തുടങ്ങിയിരുന്നു. ഇതിലൂടെ തന്നെപ്പോലുള്ള കുറെ പേരെ സിഷ്ന കൈപിടിച്ചുയർത്തി. സഹോദരനായ വൈഷ്ണവ് ആനന്ദും സ്വപ്നങ്ങൾക്ക് നിറം പകരാനുണ്ട്.