cricket

തലശ്ശേരി: കേണൽ സി.കെ.നായിഡു ട്രോഫിക്കായുള്ള അണ്ടർ - 23 ക്രിക്കറ്റ് ടൂർണമെന്റിൽ വിദർഭയ്ക്കെതിരെ കേരളത്തിന് ഭേദപ്പെട്ട തുടക്കം. ആദ്യദിനം കളി നിറുത്തുമ്പോൾ 90 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന നിലയിലാണ് കേരള ടീം. പുറത്താകാതെ 68 റൺസുമായി ഡാരിൽ എസ്. ഫെരാരിയോയും 16 റൺസെടുത്ത് വിഷ്ണു രാജുവുമാണ് ക്രീസിൽ.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം ആദ്യം തകർച്ച നേരിട്ടെങ്കിലും ആനന്ദ് ജോസഫിന്റെയും (58 റൺസ് ) ഡാരിൽ ഫെരാരിയോയുടെയും അർദ്ധസെഞ്ച്വറിയുടെ ബലത്തിൽ ഉയർന്നുവരികയായിരുന്നു.വിദർഭയ്ക്ക് വേണ്ടി പി.ആർ.രഖഡേയും എൻ.എസ്.പരൻഡേയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

ചതുർദിന മത്സരം ജില്ലാ കളക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. തലശ്ശേരി മുനിസിപ്പൽ ചെയർമാൻ സി.കെ.രമേശൻ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ എ.സി.എം.ഫിജാസ് അഹമ്മദ്, പി.സതീശൻ, പി.നവാസ്, പി.മഹറൂഫ്, എ.കെ.സന്തോഷ് എന്നിവർ സംസാരിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കെ.പി.സുരേഷ് ബാബു സ്വാഗതവും സെക്രട്ടറി വി.പി. അനസ് നന്ദിയും പറഞ്ഞു.