കാഞ്ഞങ്ങാട്: നാലു താലൂക്കുകളുള്ള കാസർകോട് ജില്ലയിൽ താലൂക്ക് തലത്തിൽ സർക്കാർ ആയുർവേദ ആശുപത്രികളില്ല. പടന്നക്കാടുള്ള ജില്ലാ ആയുർവേദാശുപത്രിയും താലൂക്ക് ഗ്രേഡില്ലാത്ത ഏതാനും ആശുപത്രികളും കുറച്ച് ഡിസ്പെൻസറികളുമാണ് ജില്ലയിൽ ആയുർവേദ മേഖലയിലുള്ളത്.
പടന്നക്കാടിന് പുറമെ മടിക്കൈ പഞ്ചായത്തിലെ ചാളക്കടവ്, കയ്യൂർ -ചീമേനി പഞ്ചായത്തിൽ ചീമേനി, തൃക്കരിപ്പൂർ പഞ്ചായത്തിൽ കൊയ്യോങ്കര എന്നിവിടങ്ങളിലാണ് ഡിസ്പെൻസറികളെക്കാളും ഗ്രേഡുള്ള ആശുപത്രികളുള്ളത്. ഡിസ്പെൻസറികൾ 36 എണ്ണമുണ്ട്. 9 എൻ.എച്ച്.എം ആയുഷ് പി.എച്ച്.സികളുമുണ്ട്.
പടന്നക്കാടുള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ നിലവിൽ 50 രോഗികളെ കിടത്തിചികിത്സിക്കാനേ സൗകര്യമുള്ളൂ. പുതിയ കെട്ടിടങ്ങളുടെ പണി പൂർത്തിയായാൽ കിടക്കകളുടെ എണ്ണം നൂറാകും എന്നാണ് ഭാരതീയ ചികിത്സാവകുപ്പ് കരുതുന്നത്. കാസർകോട് ജില്ല രൂപീകൃതമായിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും പല കാര്യങ്ങളും തുടങ്ങിയേടത്തുതന്നെയാണ്. താലൂക്കുകളിൽ മഞ്ചേശ്വരവും വെള്ളരിക്കുണ്ടും അടുത്തകാലത്ത് വന്നവയാണ്. എന്നാൽ ഹോസ്ദുർഗ്, കാസർകോട് താലൂക്കുകൾ നേരത്തെയുണ്ട്.
കാഞ്ഞങ്ങാട് ജില്ല ആശുപത്രി അനുവദിച്ചപ്പോൾ കാസർകോട് താലൂക്ക് ആശുപത്രി അനുവദിക്കേണ്ടതായിരുന്നു. എന്നാൽ കാസർകോട് നിലവിലുള്ള ആയുർവേദാശുപത്രിക്ക് താലൂക്ക് പദവി നൽകിയിട്ടില്ല.
എങ്കിലും എൻ.എച്ച്.എം ആയുഷിന്റെ സഹായമുള്ളതുകൊണ്ട് ഡിസ്പെൻസറികളിൽ ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടാറില്ല. ഒരു ഡോക്ടർ അവധിയാകുമ്പോൾ ദിവസവേതനക്കാരായ എൻ.എച്ച്.എംകളുടെ സേവനം അത്തരം ഡിസ്പെൻസറികളിൽ ലഭിക്കുന്നുണ്ട്.