കാസർകോട്: ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം പുഴയിൽ തള്ളാൻ ഉപയോഗിച്ച ചാക്കും കൊലപ്പെടുത്താനുപയോഗിച്ച ഷാളിന്റെ കഷണവും ചന്ദ്രഗിരിപ്പുഴയിൽ നിന്നും കണ്ടെത്തിയതോടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ഊർജിതമാക്കി.
കോടതി പൊലീസ് കസ്റ്റഡിയിൽവിട്ട പ്രതികളായ ബേവിഞ്ച സ്റ്റാർ നഗർ സ്വദേശിനിയും ഇപ്പോൾ ചെട്ടുംകുഴിയിലെ സ്വകാര്യ സ്കുളിന് സമീപം താമസക്കാരിയുമായ സക്കീന(35), കാമുകനും സ്വത്ത് ബ്രോക്കറുമായ മുളിയാർ ബോവിക്കാനം ആലിനടുക്കം സ്വദേശിയും ഇപ്പോൾ കളനാട് അരമങ്ങാനം ഹദ്ദാദ് നഗറിൽ താമസക്കാരനുമായ എൻ.എ ഉമ്മർ (41) എന്നിവരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് ഷാളും പ്ലാസ്റ്റിക് ചാക്കും മുങ്ങൽ വിദഗ്ദ്ധർ പുഴയിൽ നിന്നും കണ്ടെത്തിയത്.
കാസർകോട് പൊലീസിലെ മുങ്ങൽ വിദഗ്ദ്ധനും പരിശീലകനുമായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സെയ്ഫുദ്ദീനും അധ്യാപകനും പയ്യന്നൂരിലെ മുങ്ങൽ വിദഗ്ദ്ധനുമായ ചന്ദ്രനുമാണ് ഇവർ വാടകയ്ക്ക് താമസിച്ച വീടിനു സമീപത്തെ പുഴയിലെ ചെളിയിൽ നിന്നും ഷാളും ചാക്കും കണ്ടെത്തിയത്. പ്രതിയായ സക്കീന ഷാളും ചാക്കും തിരിച്ചറിഞ്ഞു.
2012 മാർച്ച് അഞ്ചിനും 30നും ഇടയിലാണ് കൊലനടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിൽ കൂടുതൽ വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ ജയ്സൺ എബ്രഹാം, എസ്.ഐമാരായ പി.വി ശിവദാസൻ, കുമാർ, വനിതാ സിവിൽ പൊലീസ് ഓഫീസർ പി.പി പ്രസീത എന്നിവരാണ് പ്രതികളെ ബേവിഞ്ചയിൽ തെളിവെടുപ്പിനെത്തിച്ചത്. പ്രതികളെ ശനിയാഴ്ച വൈകുന്നേരം വീണ്ടും കോടതിയിൽ ഹാജരാക്കും.
അതേസമയം 2012 ഏപ്രിൽ 7ന് തെക്കിൽ ഉച്ചിലംപാടി പുഴയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. അന്ന് അജ്ഞാത മൃതദേഹം എന്ന് കണക്കാക്കി പൊലീസ് തന്നെ മറവുചെയ്യുകയായിരുന്നു. പാന്റ്സും ബെൽട്ടുമായിരുന്നു അന്ന് കണ്ടെത്തിയ മൃതദേഹത്തിൽ ഉണ്ടായിരുന്നത്.