നീലേശ്വരം: കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി ഭരണാനുമതി നൽകിയ ആലിൻകീഴിൽ - ബങ്കളം - ചായ്യോം ബസാർ റോഡ് മെക്കാഡം ടാറിംഗ് പദ്ധതി ഉപേക്ഷിച്ചു. ടെൻഡറിന്റെ എസ്റ്റിമേറ്റിനേക്കാൾ അധികനിരക്ക് കരാറുകാർ രേഖപ്പെടുത്തിയതിനെ തുടർന്നാണ് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികനിരക്ക് നൽകാൻ സാധിക്കില്ല. ഇതു സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് അധികൃതർ സർക്കാറിനെ അറിയിച്ചിരുന്നുവെങ്കിലും നിരസിക്കുകയായിരുന്നു. ഇനി നാട്പാക്കിന്റെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരുംവർഷത്തിൽ പുതിയ പ്രോജക്ട് വെച്ചാൽ മാത്രമെ പദ്ധതിക്ക് ജീവൻ വയ്ക്കൂ.
ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന റോഡ് പുനരുദ്ധാരണത്തിനാണ് ഇതോടെ തിരശ്ശീല വീണിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി അറ്റകുറ്റപണി ചെയ്യാത്ത ഈ റോഡ് മിക്ക സ്ഥലങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമായിരിക്കയാണ്. മിക്ക സ്ഥലങ്ങളിലും റോഡ് തന്നെ ഇല്ലാതായിരിക്കുകയാണ്. ഏറെയും കഷ്ടപ്പെടുന്നത് ഇരുചക്ര- മുച്ചക്ര വാഹനങ്ങളാണ്.
ആലിൻകീഴിൽ ബങ്കളം വഴി കെ.എസ്.അർ.ടി.സി അടക്കം നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. കയറ്റവും ഇറക്കവും ഇല്ലാത്ത റോഡായതിനാൽ വാഹനയാത്രക്കാർക്ക് ഈ റൂട്ട് പ്രിയമാണ്. കാഞ്ഞിരപ്പൊയിൽ എരിക്കുളം ഭാഗത്തേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്ന വഴിയുമാണ് ഇത്.