ധർമ്മശാല (കണ്ണൂർ): പൊലീസിന്റെ ജാതിയും മതവും പൊലീസ് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 847 സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേനയിലെ മതനിരപേക്ഷത തകർത്ത് പൊലീസിന്റെ കാര്യക്ഷമത നശിപ്പിക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണം. പൊലീസിനെ ജാതിപറഞ്ഞ് ഭിന്നിപ്പിക്കാനുള്ള ഏതു ശ്രമത്തെയും പൊലീസ് ശക്തമായി നേരിടും.സർക്കാരിനെ അളക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് പൊലീസിന്റെ പ്രവർത്തനങ്ങളിലൂടെയാണ്. മുൻകാലത്ത് പൊലീസിൽ അടിസ്ഥാന യോഗ്യത മാത്രം ഉള്ളവരായിരുന്നു മഹാഭൂരിപക്ഷവും. ഇപ്പോൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ പൊലീസിലുള്ളത് നല്ലതാണ്.
മതനിരപേക്ഷത തകർക്കാനുള്ള നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമത്തെ ചെറുക്കാൻ സർക്കാർ പ്രതിബദ്ധമാണ്. അത് നടപ്പാക്കാൻ മറ്റാരെക്കാളും ഉത്തരവാദിത്വമുള്ള പൊലീസ് ഇക്കാര്യത്തിൽ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പൊലീസിന്റെ സായുധസേനയിലേക്ക് ഇത്തവണ 27 എൻജിനീയർമാരും 78 ബിരുദാനന്തര ബിരുദധാരികളുമുണ്ട്. കെ.എ.പി നാലാം ബറ്റാലിയനിലെ 422 പൊലീസുകാരും മലബാർ സ്‌പെഷ്യൽ പൊലീസിലെ 425 പേരും ഉൾപ്പടെ 847 പേരാണ് പരിശീലനം പൂർത്തിയാക്കിയത്.ബെസ്റ്റ് ഷൂട്ടർക്കുള്ള അവാർഡ് ആദർശ് ചന്ദ്രനും എം.എസ്.പിയിലെ അശ്വിനും നേടി. ആൾ റൗണ്ടർമാരായി കെ. എ.പിയിലെ ജിതിൻ രാജ്, എം.എസ്.പിയിലെ അനസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ചടങ്ങിൽ മന്ത്രിമാരായ ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ. ശ്രീമതി എം.പി, എം.എൽ.എമാരായ ടി.വി. രാജേഷ്, ജയിംസ് മാത്യു, ഡി.ജി.പി ലോക് നാഥ് ബെഹ്റ, എന്നിവർ പങ്കെടുത്തു.