കണ്ണൂർ: ജനതാൾ -എസ് ദേശീയ നിർവാഹക സമിതി അംഗമായിരുന്ന അഡ്വ.ടി. നിസാർ അഹമ്മദിന്റെ പയ്യാമ്പലത്തെ സ്മാരക സ്തൂപം തകർത്തതും അനുസ്മരണ സമ്മേളനത്തിൽ ഒരുവിഭാഗം വിട്ടുനിൽക്കാൻ തീരുമാനിച്ചതും ജനതാദൾ എസിൽ കൂട്ടക്കലാപത്തിന് വഴിയൊരുക്കി. സ്തൂപം വെള്ളിയാഴ്ച തകർത്തതിനു പിന്നിൽ സംഘടനയിലെ ഒരു സംഘമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഇന്നലെ വൈകിട്ട് മന്ത്രി മാത്യു ടി. തോമസ് സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിക്കേണ്ടതായിരുന്നു. എന്നാൽ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട ചിലർ നിർമ്മിച്ചതാണ് സ്തൂപമെന്നും ചടങ്ങിൽ പങ്കെടുക്കരുതെന്നും കാണിച്ച് ജില്ലാ നേതൃത്വം മന്ത്രിക്ക് കത്തുനൽകി. ഇന്നു വൈകിട്ട് നിസാർ അഹമ്മദ് അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നു മുഖ്യമന്ത്രിയെ പിന്തിരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇരു വിഭാഗവും സഹകരിക്കുന്നില്ലെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചതായും അറിയുന്നു.
സംഘടനയുടെ മുതിർന്ന സെക്രട്ടേറിയറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ കണ്ണൂരിൽ രഹസ്യ ഗ്രൂപ്പ് യോഗം ചേർന്നതും വിവാദമായി. വിഭാഗീയതയുടെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചയാളാണ് ഈ അംഗം.
മാത്യു ടി. തോമസിനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കാൻ ഒരു വിഭാഗം നേരത്തേ ശക്തമായി രംഗത്തുവന്നിരുന്നു. തുടക്കത്തിൽ അദ്ദേഹത്തോടൊപ്പം നിന്ന ദേശീയ നേതൃത്വം ഈയിടെയാണ് അകന്നത്. ഫണ്ട് സമാഹരണവുമായി സഹകരിക്കുന്നില്ലെന്നതാണ് പ്രധാന ആരോപണം. എന്നാൽ, മെച്ചപ്പെട്ട പ്രതിച്ഛായയുള്ള മാത്യു ടി. തോമസിനെ നീക്കുന്നതിനെ മുഖ്യമന്ത്രി അനുകൂലിക്കുന്നില്ല. പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്ന ആവശ്യമാണ് ദേശീയ നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. എന്നാലിതിന് നാല് ജില്ലകളുടെ പിന്തുണ പോലുമില്ലെന്ന് മറുവിഭാഗം പറയുന്നു. ഏതായാലും- സ്മാരകം തകർക്കൽ സംഘടനയിൽ വിഭാഗീയത കൂടുതൽ രൂക്ഷമാക്കും.