കാസർകോട് : ഉറപ്പുകളും വാഗ്ദാനങ്ങളും ലംഘിച്ചെന്ന് ആരോപിച്ച് ജെ.എസ്.എസ് എ.എൻ രാജൻബാബു വിഭാഗത്തിൽ നിന്ന് രാജിവച്ചവർ ചേർന്ന് ജെ.എസ്.എസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നു. മുന്നണിയിൽ എടുക്കാമെന്ന് യു.ഡി.എഫ് നേതൃത്വത്തിൽ നിന്ന് ഉറപ്പു ലഭിച്ചതായി പുതിയ പാർട്ടിയുടെ മുന്നണിയിലുള്ളവർ പറഞ്ഞു. ഇതോടെ ജെ.എസ്.എസ് പാർട്ടിയുടെ എണ്ണം ഏഴാകും.
രാജിവച്ച ശേഷം ഇവർ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്‌നാനെ കണ്ടു ചർച്ച നടത്തിയിരുന്നു. മുന്നണിയിൽ എടുക്കണമെന്ന് അഭ്യർത്ഥിച്ചുള്ള കത്ത് കൺവീനർക്ക് നൽകും. അടുത്ത യു.ഡി.എഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പു കിട്ടിയെന്നും നേതാക്കൾ പറയുന്നു.
ജെ.എസ്.എസ് യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് ബഷീർ പൂവാട്ടുപറമ്പ്, ജനറൽ സെക്രട്ടറി കെ.ടി. അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ പി. വിജയൻ, സുനിൽ ജോർജ് അടൂർ, സംസ്ഥാന സെക്രട്ടറി സലിം ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് എൻ.ഡി.എയുടെ ഭാഗമായുള്ള രാജൻബാബു വിഭാഗത്തിൽ നിന്ന് രാജിവച്ചത്.ഒമ്പത് ജില്ലയിൽ കമ്മിറ്റി രൂപീകരിച്ചതായി ഇവർ അവകാശപ്പെട്ടു.