കണ്ണൂർ: കെ.സുധാകരൻ നയിക്കുന്ന 'വിശ്വാസ സംരക്ഷണയാത്ര' ജില്ലയിൽ 9,10 തിയ്യതികളിൽ പര്യടനം നടത്തും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന കെ.പി.സി.സിയുടെ വിശ്വാസ സംരക്ഷണയാത്ര 9, 10 തിയ്യതികളിൽ ജില്ലയിൽ പര്യടനം നടത്തും. നവംമ്പർ 9ന് ഉച്ചക്ക് ശേഷം 3 ന് പിലാത്തറയിലും 5ന് കണ്ണൂരിലും സ്വീകരണം നല്കും.

പിലാത്തറയിൽ ടൗണിന് സമീപം വ്യാകുലമാതാ ദേവാലയത്തിന് എതിർവശം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്. പിലാത്തറ സെൻട്രൽ ജംഗ്ഷനിൽ നിന്ന് സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചാനയിക്കും. വൈകിട്ട് 5 ന് കണ്ണൂർ സ്റ്റേഡിയം കോർണ്ണറിൽ സമാപനം .10 ന് രാവിലെ 9 മണിക്ക് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ പൊതുസമ്മേളനം. 11 മണിക്ക് ഇരിട്ടിയിൽ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം അവസാനിക്കും. ഇരിട്ടി പഴയ ബസ്റ്റാന്റ് പരിസരത്ത് മുൻസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം.
പിലാത്തറയിലെ സ്വീകരണപരിപാടിയിൽ പയ്യന്നൂർ, കല്യാശ്ശേരി നിയോജക മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തകരും, തളിപ്പറമ്പ, ആലക്കോട് സംഘടനാ ബ്ലോക്കിലെ പ്രവർത്തകരും പങ്കെടുക്കും. കണ്ണൂർ സ്റ്റേഡിയം കോർണ്ണറിൽ നല്കുന്ന സ്വീകരണത്തിൽ അഴീക്കോട്, കണ്ണൂർ നിയോജക മണ്ഡലത്തിലെ പ്രവർത്തകരും ചക്കരക്കൽ. കൊളച്ചേരി സംഘടനാ ബ്ലോക്കിലെ പ്രവർത്തകരുമാണ് പങ്കെടുക്കേണ്ടത്. തലശ്ശേരിയിലെ സ്വീകരണ പരിപാടിയിൽ കൂത്ത്പറമ്പ്, തലശ്ശേരി നിയോജക മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരും ധർമ്മടം സംഘടനാ ബ്ലോക്കിലെ പ്രവർത്തകരും പങ്കെടുക്കും. ഇരിട്ടിയിൽ നല്കുന്ന സ്വീകരണത്തിൽ പേരാവൂർ മട്ടന്നൂർ നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരും ഇരിക്കുർ ശ്രീകണ്ഠപുരം സംഘടനാ ബ്ലോക്കിലെ പാർട്ടി പ്രവർത്തകരും പങ്കെടുക്കും.


പിണറായി നീന്തൽക്കുളവും നവീകരിച്ച മുണ്ടലൂർ കുളവും മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

പിണറായി: ലോക കായിക ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം കൂടുതൽ ഉയർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികൾക്കാണ് സംസ്ഥാന സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതുതായി നിർമിച്ച പിണറായി നീന്തൽക്കുളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ കായിക ഇനങ്ങളിൽ മികച്ച പരിശീലന സൗകര്യങ്ങളൊരുക്കുകയാണ് സരക്കാരിന്റെ ലക്ഷ്യം. ഇതിനായി ഒട്ടേറെ സ്റ്റേഡിയങ്ങളും സിന്തറ്റിക് ട്രാക്കുകളും നീന്തൽ കുളങ്ങളും നിർമിച്ചുവരികയാണ്. കായിക രംഗത്തെ വളർച്ച ലക്ഷ്യമിട്ട് കൂടുതൽ ദേശീയഅന്തർ ദേശീയ മൽസരങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിച്ചുവരികയാണ്. ഇത്തരം സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ പുതുതലമുറ മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു, എരുവട്ടിയിൽ നടന്ന ചടങ്ങിൽ വ്യവസായസ്‌പോർട്‌സ് വകുപ്പ് മന്ത്രി ഇ പി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. പി .കെ. ശ്രീമതി എം പി, ജില്ലാ കളക്ടർ മീർ മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രാജീവൻ, പിണറായി പഞ്ചായത്ത് പ്രസിഡന്റ് പി .കെ. ഗീതമ്മ, തുടങ്ങിയവർ സംബന്ധിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് സ്വാഗതവും കോങ്കി രവീന്ദ്രൻ നന്ദിയും പറഞ്ഞു. കായിക യുവജന കാര്യാലയം ഡയരക്ടർ സഞ്ജയൻ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വിമ്മിംഗ് പൂളിന്റെ ഓഫീസിനും കിണറിനും സൗജന്യമായി സ്ഥലം നൽകിയ കെ ഇസ്മായീൽ, എൽഇഡി ലൈറ്റ് സൗജന്യമായി നൽകിയ ശിവരാമകൃഷ്ണൻ, ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധി രമേശൻ എന്നിവർക്ക് ചടങ്ങിൽ മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു.നവീകരിച്ച മുണ്ടല്ലൂർ കുളം തുറന്നുകൊടുത്ത ചടങ്ങിൽ പി. കെ. ശ്രീമതി എം.പി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം .സി. മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി .ബാലഗോപാലൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, തുടങ്ങിയവർ സംബന്ധിച്ചു. മൈനർ ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ കെ വി രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.