കൂത്തുപറമ്പിനടുത്ത മുടപ്പത്തൂരിൽ മിന്നലിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. തലശ്ശേരി കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കാവളാൻ സുജിത്തിന്റെ വീടിനാണ് തീപിടിച്ചത്. വീട്ടുപകരണങ്ങളും, വസ്ത്രങ്ങളും ഉൾപ്പെടെ കത്തി നശിച്ചു. ഇന്നലെ പുലർച്ചെ 2 മണിയോടെയുണ്ടായ ശക്തമായ മിന്നലിലാണ് മുടപ്പത്തൂർ മള്ളന്നൂരിലെ കാവളാൻ സുജിത്തിന്റെ വീടിന് തീപിടിച്ചത്. അമിത വൈദ്യുതി പ്രവാഹമാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സുജിത്തും, ഭാര്യയും രണ്ടു കുട്ടികളുമാണ് തീപിടിക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. ഉപകരണങ്ങൾ ഉൾപ്പെടെ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടതിൽ വൻ ദുരന്തം വഴി മാറി. മുറിക്കകത്ത് ഉണ്ടായിരുന്ന ലാപ്‌ടോപ്പ്, കട്ടിൽ, കിടക്ക, ഡ്രസ്സ്അലമാര, മേശ എന്നിവയെല്ലാം കത്തി നശിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും, പണവും, സർട്ടിഫിക്കറ്റുകളും, ഡ്രസ്സുകളുമെല്ലാം കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു. അതോടൊപ്പം വൈദ്യുത ഉപകരണങ്ങളും, വയറിംഗും കത്തിനശിച്ചിട്ടുണ്ട്. കിടപ്പുമുറിയിലെ സീലിംഗും ടൈൽസുമെല്ലാം തകർന്ന നിലയിലാണുള്ളത്. ശബ്ദം കേട്ട് പരിസരവാസികൾ ഓടി എത്തി തീയണച്ചതിനാലാന്ന് വീടിന്റെ മറ്റ് ഭാഗങ്ങളിൽ തീ പടരുന്നത് ഒഴിവായത്. വിവരമറിഞ്ഞ് മാലൂർ പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി സുജിത്ത് പറഞ്ഞു.