കാഞ്ഞങ്ങാട്: ഹൃദ്റോഗ ചികിത്സയ്ക്കുള്ള കാത്ത് ലാബ് ഒരു വർഷം മുമ്പു തന്നെ ജില്ലാ ആശുപത്രിയിൽ അനുവദിച്ചതാണെങ്കിലും ഇപ്പോഴും അത് യാഥാർത്ഥ്യമാകാത്തതിനു കാരണം ചില ഉദ്യോഗസ്ഥരാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ജില്ല ആശുപത്രിയിൽ എ.സി.ആർ ലബോറട്ടറിയുടെയും നവീകരിച്ച കാഷ്വാലിറ്റി ,ട്രോമാകെയർ,ഡെന്റൽ എക്സ്റെയുടെയും ആശുപത്രി വികസന സെമിനാറിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വർഷം മുമ്പ് ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് കാത്ത്ലാബ് അനുവദിച്ചത്. ഇതുസംബന്ധിച്ച ഉന്നതതലത്തിൽ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ട് കാത്ത് ലാബ് വരുന്നതിന് തടസ്സം നിൽക്കുന്നതായിരുന്നു. ജില്ലാആശുപത്രിയിലേക്ക് നിയമനം കിട്ടി വരുന്ന ഡോക്ടർമാർ മുൻപരിചയത്തിനു വേണ്ടിയാണ് അല്പകാലം ജോലി നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അധ്യക്ഷനായി. കെ.എച്ച്.ഡബ്ല്യൂ.എസ് മാനേജിംഗ് ഡയറക്ടർ ജി. അശോക് ലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ വി.വി രമേശൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കൗൺസിലർ വിജയ മുകുന്ദ്, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ, മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, അഡ്വ. സി.വി ദാമോദരൻ, കൈപ്രത്ത് കൃഷ്ണൻനമ്പ്യാർ, എം. കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ഡി.എം.ഒ ഡോ. എം.പി ദിനേഷ് കുമാർ സ്വാഗതവും സൂപ്രണ്ട് ഡോ. സ്റ്റാൻലി നന്ദിയും പറഞ്ഞു.
ഡി.എം.ഒ ഹാളിൽ നടന്ന സെമിനാർ മന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാനവാസ് പാദൂർ സ്വാഗതം പറഞ്ഞു.