കാസർകോട്: നിസാര പ്രശ്നത്തിന്റെ പേരിൽ സുഹൃത്തിനെ ചെത്തുകല്ല് തലയിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
വയനാട് സുൽത്താൻ ബത്തേരിയിലെ കുപ്പാട്ടി സ്വദേശിയും ചിറ്റാരിക്കൽ കമ്പല്ലൂരിൽ താമസക്കാരനുമായ കെ.ഡി സോമനെ ( 59) യാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് മനോഹർ കിണി ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ സോമൻ ഒരു വർഷം കൂടി അധികകതടവ് അനുഭവിക്കണം. പിഴ തുക അടയ്ക്കുകയാണെങ്കിൽ കൊല്ലപ്പെട്ട കമ്പല്ലൂരിലെ സതീശ (52) ന്റെ മകന് നൽകാനും കോടതി നിർദ്ദേശിച്ചു.
2016 ഏപ്രിൽ 19 ന് രാത്രിയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത് കമ്പല്ലൂർ ഭഗവതി ക്ഷേത്രത്തിന് സമീപം ബസ് വെയിറ്റിംഗ് ഷെഡിൽ സതീശൻ മദ്യപിച്ചു കൊണ്ടിരിക്കുന്നതിനിടെ അവിടെയെത്തിയ സോമൻ തനിക്കും മദ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സതീശൻ ഇതിന് വിസമ്മതിച്ചു. ഇതോടെ പ്രകോപിതനായ സോമൻ സതീശന്റെ തലയിൽ രണ്ട് ചെത്തുകല്ലുകൾ ഇടുകയായിരുന്നു. സതീശൻ തത്ക്ഷണം തന്നെ മരണപ്പെട്ടു. ഉടൻ തന്നെ സോമൻ സംഭവ സ്ഥലത്തുനിന്ന് മുങ്ങുകയും ചെയ്തു.
തലച്ചോർ ചിതറി രക്തത്തിൽ കുളിച്ച നിലയിലായിരുന്നു സതീശന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് സർജൻ ഉൾപ്പെടെ 34 സാക്ഷികളെ ഈ കേസിൽ വിസ്തരിച്ചു. 32 രേഖകളും 4 തൊണ്ടി മുതലുകളും ഹാജരാക്കി. അന്നത്തെ ചിറ്റാരിക്കൽ എസ്.ഐ .പി സുഭാഷാണ് അന്വേഷണം നടത്തിയിരുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.വി ജയരാജൻ ഹാജരായി.